നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ കേരളത്തിൽ തിരഞ്ഞെടുപ്പ് ആവേശം ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി പട്ടികയായിരുന്നു. വീണാ നായർ, ലക്ഷ്മി പ്രിയ, അഖിൽ മാരാർ, പ്രോമി തുടങ്ങിയ താരങ്ങളായിരുന്നു ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം ഇടം പിടിച്ചത്. പിന്നാലെ വോട്ടില്ലാത്തതിന്റെ പേരിൽ വീണയ്ക്കും ലക്ഷ്മിയ്ക്കും മത്സരത്തിൽ നിന്നും പിന്മാറേണ്ടതായും വന്നിരുന്നു . ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ്ബോസ് മുൻതാരവും തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. വീണയുടെയും ലക്ഷ്മിപ്രിയയുടെയും കാര്യത്തിൽ സംഭവിച്ചത് സ്ഥാനാർത്ഥിയാക്കിയവരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയല്ലാന്നാണ് അഖിൽ മാരാർ അവകാശപ്പെടുന്നത് .
സ്ഥാനാർത്ഥിയാക്കിയവരുടെ കുഴപ്പമല്ല, ഒരാളെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചാൽ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ചോദിക്കാറുണ്ട് . പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടിങ്ങ് ലിസ്റ്റ് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ വോട്ടർ പട്ടികയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെയാണെന്നുമുള്ള അറിവ് ഇവർക്ക് ഇല്ലാതെ പോയിക്കാണും എന്നും അഖിൽ മാരാർ പറഞ്ഞു. ഏറെ വിവാദമുണ്ടാക്കിയ എസ്ഐആർ നടപടികൾ പൂർത്തിയാക്കിയശേഷം നടത്തുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത് .






