റാഞ്ചി: മദ്യപാനത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് അച്ഛനെ കോടാലി കൊണ്ട് മകൻ വെട്ടിക്കൊന്നു. സംഭവത്തിൽ അര്‍ജുന്‍ കര്‍മാലി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ബൊകാറോ ജില്ലയിലെ കരിപാനി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
അർജുൻ കർമാലി അമ്മാവന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം മദ്യലഹരിയിൽ രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഇതിനെ തുടർന്ന് പിതാവ് ജയ്‌ലാൽ കർമാലി മകനെ ശാസിക്കുകയും മദ്യപാന ശീലത്തെ ശക്തമായി വിമർശിക്കുകയും ചെയ്തു. വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതനായ അർജുൻ സമീപത്തുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് പിതാവിനെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജയ്‌ലാൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
അർജുന്റെ മദ്യപാന ശീലം കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മദ്യലഹരിയിൽ ഇയാൾ അക്രമാസക്തമായി പെരുമാറിയിരുന്നുവെന്നും ഇതിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി വീട്ടിനുള്ളിൽ കെട്ടിയിട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഉപയോഗിച്ച കോടാലി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.






