തിരുവനന്തപുരം: ഭിന്നശേഷി പ്രതിഭകളുടെ സംസ്ഥാനതല സർഗോത്സവമായ ‘സവിശേഷ- കാർണിവൽ ഓഫ് ദി ഡിഫറന്റ്’ ന്റെ ഭാഗമായി ഭിന്നശേഷി തൊഴില്‍ അന്വേഷകര്‍ക്കായി തൊഴിൽമേള ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2026 ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന കാർണിവലിൻ്റെ ഭാഗമായി ജനുവരി 20ന് വഴുതക്കാട് സർക്കാർ വനിതാ കോളേജിലാണ് ജോബ് ഫെസ്റ്റ്.
ജനുവരി 20ന് രാവിലെ ഒമ്പതു മുതൽ അഞ്ചു മണിവരെയാണ് തൊഴിൽ മേള. സംസ്ഥാനത്തെ വിവിധ തൊഴില്‍ദായകര്‍ മേളയുടെ ഭാഗമാകും. സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉള്‍ച്ചേര്‍ക്കലും മുഖ്യലക്ഷ്യമാക്കിയാണ് ഭിന്നശേഷിക്കാരായ തൊഴില്‍ അന്വേഷകര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നത്.
തൊഴിൽ- നെപുണ്യ വകുപ്പ്, കേരള നോളജ് എക്കണോമി മിഷൻ, വിജ്ഞാന കേരളം തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെയും സർക്കാർ ഇതര സംരംഭകരുടെയും സഹകരണത്തോടുകൂടിയാണ് തൊഴിൽ മേള നടക്കുക. രജിസ്ട്രേഷന് sjd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം. ജില്ലാ സാമൂഹ്യനീതി ഓഫീസർ വഴിയും രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് 0471- 2306040 എന്ന നമ്പറിൽ വിളിക്കാം. സംസ്ഥാനതലത്തിൽ ഒരുക്കുന്ന തൊഴിൽമേളയിൽ പരമാവധി ഭിന്നശേഷിക്കാർക്ക് അവരുടെ നൈപുണ്യക്ഷമത അനുസരിച്ചുള്ള തൊഴിൽ ലഭ്യമാക്കലാണ് ലക്ഷ്യമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.










