കോഴിക്കോട്: ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ദേശീയ ഭാരവാഹിയായി നിയമിക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യയിൽ നിന്നുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ നേതാവെന്ന പരിഗണനയും സുരേന്ദ്രന് ലഭിച്ചേക്കും.
നിലവിൽ കേരളത്തിൽ നിന്നുള്ള അനിൽ ആന്റണി, എ.പി. അബ്ദുള്ളക്കുട്ടി എന്നിവർ ബിജെപിയുടെ ദേശീയ ഭാരവാഹികളാണ്.
അതേസമയം, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. സിനിമാ അഭിനയ രംഗത്ത് കൂടുതൽ സജീവമാകാൻ ആഗ്രഹിക്കുന്നതിനാലാണ് ഈ ആവശ്യമെന്നാണ് വിവരം.
ജൂൺ പകുതിയോടെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും മുന്നിൽ കണ്ടാണ് ബിജെപി മന്ത്രിസഭയിലും സംഘടനാ തലത്തിലും മാറ്റങ്ങൾ ആലോചിക്കുന്നത്.
രാജ്യസഭാംഗമായ ജോർജ് കുര്യൻ മന്ത്രിസഭയിൽ നിന്ന് മാറുന്ന സാഹചര്യമുണ്ടായാൽ, സി സദാനന്ദൻ മാസ്റ്റർ, അനിൽ ആന്റണി, കെ സുരേന്ദ്രൻ എന്നിവരിൽ ഒരാൾക്ക് കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കാമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെ ചില മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമോ എന്നതും രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിക്കുന്നുണ്ട്. ജൂൺ 15-ന് ശേഷമായിരിക്കും പുനഃസംഘടനയ്ക്ക് അന്തിമരൂപം നൽകുക എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ബിജെപിയുടെ സംഘടനാ തലത്തിലും അഴിച്ചുപണി തുടരുകയാണ്. കേരളത്തിന്റെ ചുമതലയുള്ള നേതാവായ പ്രകാശ് ജാവദേക്കർ സ്ഥാനമൊഴിയാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.






