കോട്ടയം: കങ്ങഴക്കടുത്തു പത്തനാട്- കുളത്തൂർമൂഴി റോഡ് പുനർനിർമിക്കാനായി പൂർണമായി കുത്തിപ്പൊളിച്ച് മെറ്റൽ നിരത്തിയിട്ട് രണ്ടരമാസം കഴിഞ്ഞു. പണി ആരംഭിക്കാത്തതിനാൽ പൊടിശല്യത്താൽ വലയുകയാണ് യാത്രക്കാരും പ്രദേശവാസികളും. വാഹനങ്ങൾ പോകുമ്പോൾ പൊടിപറക്കുകയാണ്. വീടിന്റെ ജനാലകളും വാതിലുംപോലും തുറന്നിടാൻ കഴിയുന്നില്ല.
ചെറിയ കുട്ടികളടക്കമുള്ളവർക്ക് ചുമയും ശ്വാസംമുട്ടലും പതിവായി. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിർമാണം നീട്ടിക്കൊണ്ടുപോകുകയാണ്. പൊടി കാരണം ഇരുചക്രവാഹന യാത്രികർക്കും കാൽനട യാത്രക്കാർക്കും റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മുഖാവരണം ധരിച്ചാണ് പലരും പുറത്തിറങ്ങുന്നത്.
ഇവിടുത്തെ റോഡിലെ പൊടിശല്യം കാരണം സ്കൂൾകുട്ടികൾക്ക് ചുമയും ശ്വാസംമുട്ടലും പതിവായി. റോഡിന്റെ വശങ്ങളിലെ വൈദ്യുതത്തൂണുകൾ മാറ്റിയിടാനുള്ള ബുദ്ധിമുട്ടായിരുന്നു ആദ്യത്തെ പ്രശ്നം. കരാറെടുത്തയാൾ വൈദ്യുതത്തൂൺ മാറ്റിയിടാൻ വൈകി. ഈ കാരണം പറഞ്ഞ് ഒന്നരമാസത്തോളം നിർമാണം വൈകി. ഇതോടെ പ്രതിഷേധവും കോൺഗ്രസിന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസ് ഉപരോധവും നടത്തി.
ഏതാനും ആഴ്ച മുമ്പ് വൈദ്യുതത്തൂണുകൾ മാറ്റിയിട്ടു. എന്നിട്ടും റോഡ് നിർമാണം ആരംഭിച്ചില്ല. വെള്ളംപോലും തളിക്കാത്തതിനാൽ പൊടിശല്യം രൂക്ഷമായി. നിർമാണ സാമഗ്രികൾ കിട്ടാൻ വൈകുന്നതാണ് റോഡുപണി വൈകാൻ കാരണമെന്ന് കരാറുകാരൻ അറിയിച്ചതായി എം എൽ എ എൻ. ജയരാജ് പറഞ്ഞു.






