‘ശക്തിക്കും മേലെയാണ് ഭക്തി!’ ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഈ വാക്കുകളാണ് ‘കണ്ണപ്പ’ എന്ന സിനിമയുടെ ആത്മാവ്. ഭക്തിയുടെ ശക്തി എത്രമാത്രമാണെന്ന് പറഞ്ഞുവയ്ക്കുന്നൊരു ദൃശ്യവിസ്മയമായി തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് വിഷ്ണു മഞ്ചു നായകനായെത്തിയിരിക്കുന്ന ‘കണ്ണപ്പ’. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനങ്ങളുമായി പ്രേക്ഷകരെ അതിശയിപ്പിച്ചിരിക്കുകയാണ് ചിത്രം . വിഷ്ണുവിനെ കൂടാതെ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ തുടങ്ങി വലിയൊരു താരനിരയാല്‍ സമ്പന്നമാണ് ‘കണ്ണപ്പ’.
ഉടുമുരു ദേശത്തെ തിണ്ണ എന്ന യുവാവിന്റെ ജീവിതമാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ദൈവങ്ങളിലൊന്നും വിശ്വാസമില്ലാത്ത തികഞ്ഞ യോദ്ധാവായ തിണ്ണ എങ്ങനെ അടിയുറച്ചൊരു ശിവഭക്തനായ കണ്ണപ്പയായി മാറുന്നുവെന്നതാണ് സിനിമയുടെ പ്രമേയം. വിഷ്ണു മഞ്ചുവാണ് ചിത്രത്തില്‍ തിണ്ണ (കണ്ണപ്പ)യായി എത്തിയിരിക്കുന്നത്.
സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നാത്ത രീതിയിലുള്ള മനോഹരമായ ദൃശ്യമികവാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഓസ്ട്രേലിയ, സ്കോട്ട്ലന്റ്, ന്യൂസിലന്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലടക്കമുള്ള അതിമനോഹര ലൊക്കേഷനുകളിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് എന്നതിനാല്‍ തന്നെ ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്നുണ്ട്.
കണ്ണപ്പയായി തെലുങ്കിലെ ഡൈനാമിക് സ്റ്റാര്‍ വിഷ്ണു മഞ്ചുവിന്റേത് ഞെട്ടിക്കുന്ന പ്രകടനമാണ്. യുദ്ധ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലുമടക്കം മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ് വിഷ്ണു കാഴ്ചവെച്ചിരിക്കുന്നത്. വിഷ്ണുവിന്റെ അച്ഛന് കഥാപാത്രമായെത്തിയ തമിഴ് താരം ശരത് കുമാറും മനസ്സ് കീഴടക്കുന്ന കഥാപാത്രമാണ്. നായിക വേഷത്തിലെത്തിയ പ്രീതി മുകുന്ദനും തനിക്ക് ലഭിച്ച വേഷം മനോഹരമാക്കിയിട്ടുണ്ട്.
ശിവനായെത്തിയ അക്ഷയ് കുമാര്‍, കിരാതയായെത്തിയ മോഹന്‍ലാല്‍, രുദ്രയായെത്തിയ പ്രഭാസ്, പാര്വ്വതിയായെത്തിയ കാജള്‍ അഗര്‍വാള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ സര്‍പ്രൈസ് കാസ്റ്റിങ്ങുകള്‍. ഹര്‍ഷാരവത്തോടെയാണ് മോഹന്‍ലാലിന്റേയും പ്രഭാസിന്റേയും ഇന്‍ട്രോ പ്രേക്ഷകരേവരും ഏറ്റെടുക്കുകയുണ്ടായത്. ഇവരെ കൂടാതെ മോഹന്‍ ബാബു, അര്‍പ്പിത് രങ്ക, മധുബാല, ബ്രഹ്മാനന്ദന്, ശിവ ബാലാജി, ബ്രഹ്മാജി, കൗശല്‍ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയായ ‘കണ്ണപ്പ’ തീര്‍ത്തും തെലുങ്കില്‍ നിന്നുമുള്ളൊരു ബ്രഹ്മാണ്ഡ ദൃശ്യ വിസ്മയാണെന്ന് നിസ്സംശയം പറയാം. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ ‘കണ്ണപ്പ’യുടെ മനോഹര ലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറക്കുന്നതാണ്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍, ചിത്രത്തിലെ സംഘട്ടനരംഗങ്ങളെല്ലാം മികവ് പുലര്‍ത്തുന്നതാണ്. സ്റ്റീഫന്‍ ദേവസിയൊരുക്കിയിരിക്കുന്ന സംഗീതവും ഹൃദ്യമാണ്. തീര്‍ത്തും തിയേറ്ററുകളില്‍ തന്നെ കണ്ടറിയേണ്ട കാഴ്ചയുടെ ഉത്സവമാണ് ‘കണ്ണപ്പ’. എവിഎ എന്റര്ടെയ്ന്മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.






