മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണം പൊട്ടിക്കൽ കേസിൽ അന്വേഷണം അർജുൻ ആയങ്കിയിലേക്കും. കണ്ണൂരിൽ നിന്ന് സംഘം എത്തിയത് അർജുന്റെ നിർദേശപ്രകാരമാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
അർജുൻ ആയങ്കിയുടെ കൂട്ടാളികൾ കേസിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തെളിവുകൾ ലഭിച്ചാൽ അർജുനെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും. വിദേശത്ത് നിന്ന് സ്വർണം കടത്തിയത് എ.ആർ. നഗർ സ്വദേശിക്ക് വേണ്ടിയാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഞായറാഴ്ചയാണ് കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പൊട്ടിക്കൽ സംഘം പിടിയിലായത്. സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടെ, വിമാനത്താവളത്തിൽ എത്തിയ മഞ്ചേരി മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹിനെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് സ്വർണം കൊണ്ടുവന്നത് സൽമാൻ സാലിഹ് തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സ്വർണം യഥാർത്ഥ ഉടമയ്ക്ക് കൈമാറാതെ, അർജുൻ ആയങ്കിയുടെ കൂട്ടാളിയായ അഭിജിത്ത് പറഞ്ഞ ആളുകൾക്ക് കൈമാറാനായിരുന്നു പദ്ധതി. ഇതിന് 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് സ്വർണം എറണാകുളത്തെ ഒരു മുറിയിൽ വെച്ച് ട്രോളി ബാഗ് പൊട്ടിച്ച് പങ്കിട്ടെടുത്തതായും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സൽമാനും സാദിഖും അറസ്റ്റിലായിട്ടുണ്ട്.
കരിപ്പൂർ കേന്ദ്രീകരിച്ച് സ്വർണം പൊട്ടിക്കൽ സംഘങ്ങൾ വീണ്ടും സജീവമാകുന്നതായി പൊലീസ് വിലയിരുത്തുന്നു. നികുതി വർധനയോടെ ഗൾഫിൽ നിന്ന് സ്വർണം കടത്തുന്നത് ലാഭകരമായതിനാൽ ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കുന്നതായും അധികൃതർ പറയുന്നു.





