തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെഎസ്ഇബി. നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന രാത്രി 12.45 വരെയുള്ള സമയത്തും നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ല.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞത് കേരളത്തിന് സഹായമായതായി കെഎസ്ഇബി വ്യക്തമാക്കി. ഇതോടെ പവർ ഗ്രിഡ് വഴി കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് ഉയർന്നു. പവർ എക്സ്ചേഞ്ച് വഴിയും ആവശ്യത്തിന് വൈദ്യുതി ലഭിച്ചതായി കെഎസ്ഇബി അറിയിച്ചു.
സംസ്ഥാനത്ത് ഏകദേശം 700 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിരുന്നെങ്കിലും ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാക്കാൻ സാധിച്ചു. കഴിഞ്ഞ 17 ദിവസത്തിനിടെ രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായ രണ്ടാമത്തെ ദിവസമായിരുന്നു ഇന്നലെ.
നേരത്തെ വൈകിട്ട് 6.15 മുതൽ അർധരാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം വേണ്ടി വരാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. എന്നാൽ വൈദ്യുതി ലഭ്യത മെച്ചപ്പെട്ടതോടെ നിയന്ത്രണം ഒഴിവാക്കുകയായിരുന്നു.
അതേസമയം, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കെഎസ്ഇബി ദീർഘകാല വൈദ്യുതി കരാറിൽ ഒപ്പുവച്ചു. കരാർ പ്രകാരം രാത്രികാല ഉപയോഗത്തിനായി 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും.
യൂണിറ്റിന് ആറ് രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. 2028 മാർച്ച് മുതൽ വൈദ്യുതി ലഭ്യമാകുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 25 വർഷത്തേക്കാണ് കരാർ.




