Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓപ്പറേഷൻ കാവൽ, കലാഭവൻ മണിയുടെ മരണം, വടകര MDMA വേട്ട, ഇപ്പോൾ ആയങ്കിയും; അറിയണം കുറ്റവാളികളുടെ പേടിസ്വപ്നമായ കെ കാർത്തിക് IPSനെ പറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സോഷ്യൽ മീഡിയയിൽ വീഡിയോകളിട്ടും ലൈവുകളിൽ വന്നുമൊക്കെ പോലീസിനെയും നിയമസംവിധാനങ്ങളെയും പരസ്യമായി വെല്ലുവിളിച്ച് നടന്നിരുന്ന ഒളിവുജീവിതത്തിനായിരുന്നു കഴിഞ്ഞ ദിവസം കണ്ണൂരിലെ രഹസ്യ താവളത്തിൽ തിരശ്ശീല വീണത്. കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കിയെ മണിക്കൂറുകൾക്കുള്ളിൽ പൂട്ടി, കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ് വീണ്ടും വാർത്തകളിലും പൊലീസ് സേനയിലും ഹീറോയാകുകയാണ്. ആഭ്യന്തര വകുപ്പിനും കേരള പോലീസിനും കടുത്ത മാനക്കേടും തലവേദനയും സൃഷ്ടിച്ച ഒരു വെല്ലുവിളിക്കാണ് ഡി.ഐ.ജി ഫീൽഡിലിറങ്ങി കൃത്യമായ മറുപടി നൽകിയത്. ക്രമസമാധാന സംവിധാനത്തെ വെല്ലുവിളിക്കാൻ ആരേയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച്, അതിർത്തികൾ കടന്ന് നടത്തിയ മിന്നൽ ഓപ്പറേഷനിലൂടെയാണ് ആയങ്കിയെ കാർത്തികും സംഘവും പൂട്ടിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരിക്കെ തൃശൂർ ഡി.ഐ.ജിയായും, തുടർന്ന് കണ്ണൂർ മേഖലയുടെ ചുമതലയിലേക്കും എത്തിയ കാർത്തികിന്റെ ഔദ്യോഗിക ജീവിതത്തിലെ മറ്റൊരു പൊൻതൂവലായി ഈ അറസ്റ്റ് മാറുന്നു.

വടകരയിലെ കോടികളുടെ എം.ഡി.എം.എ മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച് ‘ഓപ്പറേഷൻ തൂഫാൻ’ വിജയകരമായി പൂർത്തിയാക്കിയിട്ട് ഒരു മാസം തികയുന്നതിന് മുൻപാണ് അടുത്ത വമ്പൻ ഓപ്പറേഷനും അദ്ദേഹം വിജയത്തിലെത്തിച്ചത്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി ആയി ചുമതലയേറ്റെടുത്തതോടെ, കണ്ണൂരിലെയും കാസർകോട്ടെയും രാഷ്ട്രീയ അക്രമങ്ങൾക്കും തടയിടാൻ കാർത്തിക് മുന്നിലുണ്ട്. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കോ പണക്കൊഴുപ്പിനോ വഴങ്ങാതെ, നിയമത്തിനു മുന്നിൽ ഏത് വമ്പനെയും മുട്ടുകുത്തിക്കുന്ന കാർത്തിക്കിന്റെ ശൈലി ജനശ്രദ്ധയും കൈയടിയും നേടുകയാണ്.

കേവലം കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ശീതീകരിച്ച മുറികളിൽ മാറിനിൽക്കാതെ, ഡി.ഐ.ജി നേരിട്ട് ഫീൽഡിലിറങ്ങി കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞതാണ് ആയങ്കിക്ക് കെണിയായത്. വടകരയിലെ അധ്യാപകർ അടക്കം ഉൾപ്പെട്ട വൻ ലഹരി മാഫിയ സംഘത്തെ വലയിലാക്കിയ സംഭവത്തിൽ കാർത്തികിനൊപ്പം മെറിൻ ജോസഫ് ഐ.പി.എസും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എല്ലാവരോടും സൗമ്യ ഭാവത്തിലാണു പെരുമാറ്റം. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും പരിഗണിക്കും. എന്നാൽ കുറ്റവാളികളോട് അയവില്ലാത്ത സമീപനം. പിടിച്ചാൽ പിടിവിടാത്ത സ്വഭാവമെന്ന് പൊലീസിലുള്ളവർ അടക്കം പറയും.

2011 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ. കാർത്തിക് പാലക്കാട് എ.എസ്.പി ആയാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
കേരള പോലീസിലെ ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരിൽ ഒരാളായ കാർത്തിക്, താൻ വഹിച്ച പദവികളിലൊക്കെ തന്റേതായ മുദ്ര പതിപ്പിച്ച ചരിത്രമുള്ളയാളാണ്. തൃശൂർ ഡി.ഐ.ജി സ്ഥാനത്തു നിന്നും കണ്ണൂരിലെ ക്രമസമാധാന ചുമതലയിലേക്ക് അദ്ദേഹത്തെ മാറ്റിനിയോഗിച്ചപ്പോൾ തന്നെ ആഭ്യന്തര വകുപ്പിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിക്കവെ നഗരത്തിലെ ലഹരി മാഫിയയെയും ക്വട്ടേഷൻ സംഘങ്ങളെയും അടിച്ചമർത്താൻ അദ്ദേഹം എടുത്ത കർശന നിലപാടുകൾ വലിയ ജനശ്രദ്ധ നേടിയിരുന്നു. തലസ്ഥാനത്തെ വി.ഐ.പി സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഗുണ്ടാ സംഘങ്ങളുടെ നട്ടെല്ലൊടിക്കുക എന്ന കർശന നയമാണ് അദ്ദേഹം എപ്പോഴും സ്വീകരിച്ച പോന്നത്.

കോട്ടയം, എറണാകുളം റൂറൽ, തൃശൂർ റൂറൽ, വയനാട് എന്നീ ജില്ലകളിൽ പോലീസ് മേധാവിയായിരുന്ന സമയത്തൊക്കെ ശാസ്ത്രീയ അന്വേഷണ രീതികളിലൂടെ സങ്കീർണ്ണമായ കേസുകൾ തെളിയിച്ച് അദ്ദേഹം മാതൃകയായി. എറണാകുളം റൂറൽ എസ്.പി ആയിരിക്കുമ്പോൾ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തി നടപ്പിലാക്കിയ ‘ഓപ്പറേഷൻ ഡാർക്ക് ഫോഴ്‌സ്’ കൊച്ചിയിലെ കുറ്റവാളി ലോകത്തെ വിറപ്പിച്ച പദ്ധതിയായിരുന്നു. ആലുവയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ നിന്ന് കിലോക്കണക്കിന് സ്വർണ്ണം കവർന്ന കേസ് ദിവസങ്ങൾക്കുള്ളിൽ തെളിയിച്ചതും അദ്ദേഹത്തിന്റെ അന്വേഷണ മികവിനുള്ള തെളിവാണ്. ശാസ്ത്രീയ തെളിവുകൾ മാത്രം പിന്തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ അടക്കമുള്ള പ്രതികളെ വലയിലാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് സാധിച്ചു.

കോട്ടയം, എറണാകുളം ജില്ലകളിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് വേട്ടകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം, ലഹരി മാഫിയയുടെ അന്തർസംസ്ഥാന ശൃംഖല തകർക്കാൻ ‘ഓപ്പറേഷൻ കാവൽ’ പോലുള്ള പദ്ധതികൾ വിജയകരമായി നടപ്പിലാക്കി. പാറമ്പുഴ ദമ്പതിവധക്കേസിലും വൈക്കം മൗനത്തുശേരി കൊലപാതകത്തിലും തെളിവുകൾ ശാസ്ത്രീയമായി ക്രോഡീകരിച്ച് പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ കാർത്തികിനായി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ ഡി.ഐ.ജി ആയിരിക്കുമ്പോഴും സുതാര്യവും കർശനവുമായ അന്വേഷണങ്ങളിലൂടെ അഴിമതിക്കാർക്ക് സിംഹസ്വപ്നമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതി, മരട് ഫ്‌ലാറ്റ് നിർമാണത്തിലെ നിയമലംഘനങ്ങൾ, നടൻ കലാഭവൻ മണിയുടെ ദുരൂഹമരണം തുടങ്ങിയ സുപ്രധാന കേസുകളിലെ അന്വേഷണങ്ങൾ കാർത്തിക് എന്ന ഉദ്യോഗസ്ഥന്റെ മികവ് തെളിയിച്ചവയാണ്.

കാക്കിക്കുപ്പായത്തിന് പുറത്തും തന്റെ മികവുറ്റ ഭരണപാടവം തെളിയിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. KBPS സി.എം.ഡി ആയിരിക്കുമ്പോഴാണ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ മുഴുവൻ കുട്ടികളുടെയും കൈകളിൽ പാഠപുസ്തകങ്ങൾ കൃത്യമായി എത്തിക്കാൻ സാധിച്ചത്. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള തുരുഞ്ചാപുരം എന്ന കൊച്ചു ഗ്രാമത്തിലെ സാധാരണ കർഷക കുടുംബത്തിൽ നിന്നാണ് കാർത്തിക് ഐ.പി.എസിലേക്ക് ഉയർന്നുവന്നത്. ട്യൂഷനുകളോ പ്രത്യേക പരിശീലനങ്ങളോ ഇല്ലാതെ സ്വയം പഠിച്ച് സിവിൽ സർവീസ് നേടിയ അദ്ദേഹം, സ്വന്തം ഗ്രാമത്തിൽ നിന്ന് ആദ്യമായി എൻജിനീയറിംഗ് ബിരുദം നേടിയ വ്യക്തി കൂടിയാണ്. വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരനായ പിതാവിന്റെ കഠിനാധ്വാനം കണ്ടുവളർന്ന കാർത്തിക്കിന് സാധാരണ ജനങ്ങളെ മനസിലാക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.

എറണാകുളം റൂറൽ എസ്പിയായിരിക്കെ, പരാതി നൽകാൻ എത്തിയ ഭിന്നശേഷിക്കാർ മൂന്നാം നിലയിലെ തന്റെ മുറിയിലേക്കു കയറാൻ ബുദ്ധിമുട്ടുന്നതു കണ്ടപ്പോൾ താഴെ ഇറങ്ങിച്ചെന്ന് പരാതി കേൾക്കാൻ തീരുമാനിച്ചു കാർത്തിക്. ഹോട്ടലുകൾ അടഞ്ഞുകിടന്ന കോവിഡ് കാലത്ത് ഒരു രാത്രി ആലുവയിലെ ഓഫിസിൽ നിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ റോഡിൽ ആൾക്കൂട്ടം എസ്പിയുടെ ശ്രദ്ധയിൽപെട്ടു. തെരുവിൽ അന്തിയുറങ്ങുന്നവർ ഭക്ഷണം കിട്ടാതെ വിഷമിച്ചു നിൽക്കുകയാണ്. സ്വന്തം ആവശ്യത്തിനു കരുതിയ ഭക്ഷണം ഒരാൾക്കു നൽകി. ഓഫിസിൽ വിളിച്ചു പറഞ്ഞ് ബാക്കിയുള്ളവർക്കും ഭക്ഷണം വരുത്തുകയും ചെയ്തു.

കേരള പോലീസിന്റെ ‘മൃദു ഭാവേ ദൃഢ കൃത്യേ’ എന്ന ആപ്തവാക്യം സ്വന്തം ജീവിതത്തിൽ പകർത്തിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. വ്യക്തിപരമായ ഇടപഴകലുകളിൽ വിനയം പുലർത്തുമ്പോഴും, കുറ്റവാളികളോട് കാട്ടുന്ന യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കാർത്തികിന്റെ സേവനമികവിന് മാറ്റുകൂട്ടുന്നു. പ്രൊഫഷണൽ കോൺഫറൻസുകൾ സംഘടിപ്പിച്ചതിന് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ പ്രത്യേക പ്രശംസാപത്രവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

അർജുൻ ആയങ്കിയെപ്പോലെ സംസ്ഥാനമൊട്ടാകെ കുപ്രസിദ്ധിയാർജിച്ച ഒരാളെ അഴിക്കുള്ളിലാക്കിയ കണ്ണൂരിലെ ഈ മിന്നൽ ഓപ്പറേഷനിലൂടെ കെ. കാർത്തിക് ഐ.പി.എസ് ഒരിക്കൽക്കൂടി വ്യക്തമായ സന്ദേശം നൽകുകയാണ്. നിയമത്തിന് മുന്നിൽ ആരും അതിമാനുഷരല്ലെന്നും, ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ ഏത് ഒളിത്താവളത്തിൽ നിന്നും പൂട്ടാനുള്ള വെടിക്കോപ്പുകൾ കേരള പൊലീസിലുണ്ടെന്നും

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer