കാര്‍ത്തിക് സൂബ്ബരാജ് ചിത്രം എന്ന പ്രതീക്ഷയോടെ കാണാന്‍ പോകാതിരുന്നാല്‍ റെട്രൊ ഒരു നല്ല പടമാണെന്ന് പറയാം. ചിത്രത്തിനെ കുറിച്ച് വരുന്ന ഒരു റിവ്യുവും കേള്‍ക്കാതെ ഒരു പ്രതീക്ഷയും വെക്കാതെ വേണം പടം കാണാന്‍ അങ്ങനെയെങ്കില്‍ ചിത്രം 100 ശതമാനവും നിങ്ങളെ തൃപ്തി പെടുത്തും എന്ന കാര്യം ഉറപ്പാണ്.
ചിത്രം പറയുന്നത് 1990 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ്. ടാഗ് ലൈനില്‍ പറയുന്ന പോലെ love , laughter, war ഇത് മൂന്നും ഉണ്ടെങ്കിലും laughter അത്ര കണ്ട് വര്‍ക്കായില്ലെന്ന് തോന്നി. റെട്രോ ഒരു ഗ്യാങ്സ്റ്റര്‍ പ്രണയ കഥയെന്ന് വിശേഷിപ്പിക്കാം. സൂര്യ ആരാധകര്‍ക്ക് ചിത്രം നല്ല അനുഭവം കൊടുക്കുന്നുണ്ടെന്നതും ഒരു സ്ത്യമാണ്. ഫൈറ്റും, പ്രണയവും നല്ല ഫീലോടെ അവതരിപ്പിക്കാന്‍ സൂര്യക്ക് കഴിഞ്ഞു.
സിനിയുടെ കഥയിലേക്ക് തിരിഞ്ഞാല്‍ ചിത്രം ഉള്‍ക്കൊള്ളുന്നൊരു മെസേജ് ഉണ്ട്. ജീവിതത്തിലെ പല സാഹചര്യങ്ങള്‍കൊണ്ടും ചിരിക്കാന്‍ മറന്നു പോയ കഥാ നായകനെയും ഒരുപാട് ജനങ്ങളെയും കാണുമ്പോള്‍ എന്റെ മനസിലേക്ക് ഓടി വന്നത് ഒന്ന് മനസറിഞ്ഞ് ചിരിച്ചിട്ട് എത്ര നാളായി എന്നാണ്.
അത് തന്നെയാണ് നിങ്ങള്‍ ഓരോരുത്തരോടും ചോദിക്കാനുള്ളതും. രാവിലെ എഴുനേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ പലകാര്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ ആത്മാര്‍ത്ഥമായി ചിരിക്കാന്‍ പറ്റാറുണ്ടോ?
അങ്ങനെ ചിരിക്കാന്‍ മറന്നു പോയ എത്രയോ പേരുണ്ട് നമുക്ക് ചുറ്റുമെന്ന് ഈ സിനിമ കണ്ടപ്പോള്‍ ചിന്തിച്ചു പോയി.
ചെറുപ്പം മുതല്‍ മുഖത്ത് പുഞ്ചിരി വിടരാത്ത പാരിവേല്‍ കണ്ണന്‍ ആണ് കഥാ നായകനാണ് സൂര്യ. വയറിലൊരു വേല്‍ പുള്ളിയുമായി ജനിച്ച പാരിക്കു കോപമാണ് മുഖമുദ്ര. ചിരിയും സന്തോഷവും എന്തെന്ന് അറിയില്ല. വളര്‍ത്തച്ഛന്റെ ശിക്ഷണത്തില്‍ കൊല്ലും കൊലയുമായി ബാല്യവും കൗമാരവും കടന്ന് യുവാവായ മുരടന്‍ നായകന്റെ ജീവിതം മാറ്റിമറിക്കാനെത്തുന്ന നായിക് രുക്മിണിയായി പൂജ ഹെഗ്‌ഡെയാണ്. ഗ്യാങ്സ്റ്റര്‍ ജീവിതം മതിയാക്കി സന്തോഷമായ കുടുംബജീവിതം സ്വപ്നം കണ്ട നായകനെ സൈ്വര്യമായി ജീവിക്കാന്‍ വളര്‍ത്തച്ചനും കൂട്ടാളികളും സമ്മതിക്കാതെ വരുമ്പോള്‍ നടത്തുന്ന ചെറുത്ത് നില്‍പ്പിനിടയില്‍ ആടി ഉലയുന്ന നായകന്റെയും നായികയുടെയും ജീവിതത്തിലൂടെയാണ കഥ മുന്നോട്ട് പോകുന്നത്.
കാര്‍ത്തിക് സുബ്ബരാജിന്റെ സിഗ്നേച്ചര്‍ സ്റ്റൈലിലുള്ള പവര്‍ പായ്ക്ക് മേക്കിങ് ആണ് സിനിമയുടെ ആദ്യ പകുതിയില്‍ കാണാനാകുക. സിംഗിള്‍ ഷോട്ടും സന്തോഷ് നാരായണന്റെ സംഗീതവും സൂര്യയുടെ മാസ് പ്രകടനവുമായി ആകെ മൊത്തം വലിയ എനര്‍ജിയോടെ പോകുന്ന സിനിമ രണ്ടാം പകുതിയോട് അടുക്കുമ്പോള്‍ നേര്‍വിപരീതമാകുന്നു.
https://youtu.be/XzOEX4yDxHU?si=a3Iqj8Y2ayKxJCYc
മിക്ക സിനിമകളിലും വെറുപ്പ് തോന്നിക്കുന്ന വില്ലനായി വന്നുകൊണ്ടിരുന്ന പ്രകാശ് രാജ് സൈലന്റ് വില്ലനായത് ശരിയായോ എന്നും ജോജു ജോര്‍ജിന് മലയാളത്തില്‍ ശോഭിക്കുന്നത് പോലെ കഥാപാത്രം ഇണങ്ങിയില്ലേ എന്ന കാര്യത്തിലും ഒരു സംശയമായി തന്നെ നിലനില്‍ക്കുന്നുണ്ട്.
പൂര്‍ണമായും ആക്ഷന് പ്രാധാന്യം കൊടുത്തുകൊണ്ട് കഥ പറയാനാണ് കാര്‍ത്തിക് സുബ്ബരാജ് ശ്രമിച്ചിരിക്കുന്നത്. സൂര്യയും പൂജ ഹെഗ്ഡെയുമൊത്തുള്ള കെമിസ്ട്രി സിനിമയ്ക്കു ഗുണമായിട്ടുണ്ട്. ഇവര്‍ ഒരുമിക്കുന്ന പ്രണയ ഗാന രംഗങ്ങളും സിനിമയ്ക്കു മുതല്‍ക്കൂട്ടാണ്.
ലോകത്ത് ഒന്നിനെയും ഭയമില്ലാത്ത ആണൊരുത്തന്‍ സ്നേഹം കൊണ്ട് വിയര്‍പ്പു മുട്ടിക്കാന്‍ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകള്‍ ചുരുക്കം പേരെ കാണു. അങ്ങനെ ഒരാള്‍ ഒപ്പമുണ്ടായിട്ട് ആ സ്നേഹം കണ്ടില്ലെന്ന് നടിക്കുന്ന നായികയെ കണ്ടപ്പോള്‍ വല്ലാതെ മനസും വേദനിച്ചു. നായികയുടെ സ്നേഹത്തിനുവേണ്ടി യാചിച്ച് പിറകെ നടക്കുന്ന നായകനെ കണ്ടപ്പോ കളഞ്ഞിട്ട് പൊക്കൂടെ എന്നും ചിന്തിക്കാതിരുന്നില്ല.
അടിമകളും അവരെ ചൂഷണം ചെയ്ത് ജീവിക്കൂന്ന മുതലാളിമാരും അടിമകളുടെ ജീവിതവും കഷ്ടപ്പാടും ഒരുപരിധിവരെ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ ചിത്രത്തിനായി. ജയറാമിന്റെ ചിരി ഡോക്ടററുടെ കഥാപാത്രം ആരും കാണാത്ത ഗെറ്റപ്പില്‍ ജയറാമിനെ കണ്ടത് കൊണ്ട് അത്രക്കങ്ങ് പിടിച്ചില്ലെങ്കിലും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കിലും ചിത്രത്തിന്റെ പൂര്‍ണ്ണതക്ക് ആ കഥാപാത്രം അവിടെ വേണമെന്നും തോന്നി.
എന്തൊക്കെ പറഞ്ഞാലും ചിത്രം അവസാനിക്കുമ്പോള്‍ ഒരു ചെറിയ ആശ്വാസം വരുന്നത് മനസില്‍ അടക്കിവെച്ച വേദനകളൊക്കെ മറന്ന് ചിരിക്കാന്‍ മറന്നു പോയ കുറേ പാവങ്ങളുടെ ചിരികാണുമ്പോള്‍ തന്നെയാണ്






