തിരുവനന്തപുരം: കവടിയാര്‍ ജവഹര്‍ നഗറില്‍ വ്യാജരേഖ ചമച്ച് കോടികള്‍ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവും ആധാരം എഴുത്തുകാരനുമായ അനന്തപുരി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്.തിരുവനന്തപുരം ഡിസിസി ഭാരവാഹിയായ മണികണ്ഠന്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറ്റുകാല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
മണികണ്ഠന്റെ സഹോദരന്‍ മഹേഷ് നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിപ്പിനായി വ്യാജ ആധാരം നിര്‍മിക്കാനുള്ള ഇ- സ്റ്റാംപ് എടുത്തതും റജിസ്ട്രേഷന്‍ ഫീസ് അടച്ചതും മഹേഷിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ്. സ്വന്തമായി ലൈസന്‍സ് ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ സഹോദരന്റെ ലൈസന്‍സ് ഉപയോഗിച്ചു തട്ടിപ്പ് നടത്തിയതും ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം.
യുഎസില്‍ സ്ഥിരതാമസമാക്കിയ ഡോക്ടറുടെ പത്ത് മുറികളടങ്ങുന്ന കെട്ടിടവും പതിനാല് സെന്റ് സ്ഥലവും വ്യാജരേഖകള്‍ ഉപയോഗിച്ച് ഭൂമാഫിയ കൈക്കലാക്കിയെന്നും അത് മറിച്ചുവിറ്റു എന്നുമാണ് കേസ്. കേസില്‍ഉള്‍പ്പെട്ട രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് അനന്തപുരി മണികണ്ഠനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.






