തിരുവനന്തപുരം: പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ഇല്ലാതിരുന്ന സാഹചര്യത്തിൽ കേരള നിയമസഭ ധനബിൽ പാസാക്കി. സർക്കാർ അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതികളോടെയാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. ബില്ലിലെ വകുപ്പുകളിലെ വോട്ടെടുപ്പിനിടെ പ്രതിപക്ഷം സഭയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഭേദഗതികൾ ശബ്ദവോട്ടോടെ അംഗീകരിച്ചു.
ബജറ്റിലെ നികുതി നിർദേശങ്ങൾ ഫിനാൻസ് ബില്ലിലൂടെ ഒളിച്ചുകടത്തിയെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളി. ഈ നികുതി നിർദേശങ്ങൾ ബജറ്റിൽ തന്നെ പ്രഖ്യാപിച്ചതാണെന്നും ബജറ്റ് പ്രസംഗത്തിന്റെ അവസാന ഭാഗത്ത് ഇക്കാര്യം വ്യക്തമായി പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റിലെ നികുതി നിർദേശങ്ങൾ ഫിനാൻസ് ബില്ലിൽ ഉൾപ്പെടുന്നത് സാധാരണ നടപടിയാണെന്നും മുൻ സർക്കാർ കാലത്ത് ആരംഭിച്ച നടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 നവംബർ 16-ന് തുടങ്ങിയ ഫയലുകളാണ് ഇതിന് അടിസ്ഥാനമെന്നും അദ്ദേഹം സഭയിൽ അറിയിച്ചു.
വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കണമെന്ന് എ.പി. ഉദയഭാനു കമ്മീഷനും ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹാർഡ് ലിക്കറിന്റെ ഉപയോഗം കുറയ്ക്കാനും മദ്യവർജനം പ്രോത്സാഹിപ്പിക്കാനുമാണ് ഈ നിർദേശമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ സംസ്ഥാനത്ത് വിൽക്കുന്ന വിദേശമദ്യത്തിന്റെ ആൽക്കഹോൾ അളവ് 42.86 ശതമാനമാണെന്നും ഇതിന് പകരം 20 ശതമാനം വരെ ആൽക്കഹോൾ ഉള്ള മദ്യം ലഭ്യമാക്കിയാൽ ഹാർഡ് ലിക്കറിന്റെ ഉപയോഗം കുറയ്ക്കാൻ കഴിയുമെന്നാണ് സമിതി വിലയിരുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ടൂറിസം, ഐടി മേഖലകൾക്കും ഗുണകരമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ബിയറിനും വൈനിനും ഇടയിലുള്ള പുതിയ വിഭാഗമായ മദ്യത്തിന് 120 മുതൽ 175 ശതമാനം വരെ നികുതി നിശ്ചയിച്ചിട്ടുണ്ടെന്നും ഇത് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന നികുതി നിരക്കുകളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സർക്കാർ തീരുമാനിച്ചാൽ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ബിവറേജ് കോർപ്പറേഷൻ (കെഎസ്ബിസി) വാങ്ങാതെ വന്നാൽ ഇത്തരം മദ്യം സംസ്ഥാനത്ത് വിൽപ്പന നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിവാദങ്ങൾ ഉയർത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.













