തിരുവനന്തപുരം: നീറ്റ് പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ, കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കുള്ള പൊതുയോഗ്യതാ പ്രവേശന പരീക്ഷയിലും ഗുരുതര ക്രമക്കേടുണ്ടായെന്ന പരാതിയുമായി വിദ്യാർഥികൾ. ഭിന്നശേഷിക്കാർക്കായുള്ള വിവിധ ദേശീയ സ്ഥാപനങ്ങളിലെ റീഹാബിലിറ്റേഷൻ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് ചോദ്യപേപ്പറിലെ നിർദേശങ്ങൾ ആശയക്കുഴപ്പമുണ്ടാക്കിയത്.
പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനത്തിൽ നെഗറ്റീവ് മാർക്കിങ് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, ചോദ്യപേപ്പറിലെ നിർദേശങ്ങളിൽ ശരിയുത്തരത്തിന് നാല് മാർക്കും തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് കുറയ്ക്കുമെന്നും അച്ചടിച്ചിരുന്നതാണ് വിവാദമായത്.
ഈ നിർദേശം വിശ്വസിച്ച നിരവധി വിദ്യാർഥികൾ ഉറപ്പില്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്താതിരുന്നതായി പരാതിപ്പെടുന്നു. അതേസമയം, ചില പരീക്ഷാ കേന്ദ്രങ്ങളിലെ ഇൻവിജിലേറ്റർമാർ ഇത് അച്ചടിപ്പിശകാണെന്നും നെഗറ്റീവ് മാർക്കിങ് ഇല്ലെന്നും വിദ്യാർഥികളെ അറിയിച്ചതോടെ, അവിടെയുള്ള പരീക്ഷാർഥികൾ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയതായും ആരോപണമുണ്ട്.
പരീക്ഷ കഴിഞ്ഞശേഷമാണ് വിവിധ കേന്ദ്രങ്ങളിലെ നിർദേശങ്ങളിൽ ഉണ്ടായ ഈ ആശയക്കുഴപ്പം വിദ്യാർഥികൾ പരസ്പരം മനസ്സിലാക്കിയത്. വിഷയത്തിൽ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.
ജൂൺ 28-നാണ് രാജ്യത്തെ 35 പരീക്ഷാകേന്ദ്രങ്ങളിലായി പ്രവേശന പരീക്ഷ നടന്നത്. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പരീക്ഷാകേന്ദ്രങ്ങൾ. ഇവിടെ പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് നെഗറ്റീവ് മാർക്കിങ് ഇല്ലെന്ന വിവരം പരീക്ഷയ്ക്കിടെ ലഭിച്ചിരുന്നില്ലെന്നാണ് പറയുന്നത്.
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള ഒൻപത് ദേശീയ സ്ഥാപനങ്ങളിലെ 18 റീഹാബിലിറ്റേഷൻ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് പരീക്ഷ നടത്തിയത്. ഇതിൽ ഡൽഹിയിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്, കൊൽക്കത്തയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസ് എന്നിവ ഉൾപ്പെടുന്നു.






