തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. യെല്ലോ അലേർട്ട് ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നൽകി. നദീതീരങ്ങളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ സുരക്ഷിതമല്ലാത്ത വീടുകളിലും ദുർബലമായ മേൽക്കൂരകളുള്ള വീടുകളിലും താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. അപകടസാധ്യതയുള്ളവർ മുൻകരുതലിന്റെ ഭാഗമായി അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഒഴിവാക്കണമെന്നും നിർദേശം നൽകി.
ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ കയറി കാഴ്ച കാണുന്നതും സെൽഫി എടുക്കുന്നതും കൂട്ടംകൂടി നിൽക്കുന്നതും ഒഴിവാക്കണം. ജലാശയങ്ങൾ കരകവിഞ്ഞൊഴുകുന്ന പ്രദേശങ്ങളിലൂടെ വാഹനയാത്ര നടത്തരുതെന്നും റോഡുകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.




