വാഷിംഗ്ടൺ: ഇറാനെതിരെ ആസൂത്രണം ചെയ്ത വലിയ സൈനിക ആക്രമണം താൽക്കാലികമായി മാറ്റിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ശക്തിപ്രയോഗത്തിന് അമേരിക്ക തയ്യാറാണെന്നും, എന്നാൽ പ്രശ്നപരിഹാരത്തിനായി ഇറാൻ വേഗത്തിൽ കരാറിലെത്തണമെന്നും ട്രംപ് പറഞ്ഞു.
ഹോർമൂസ് കടലിടുക്ക് ഉടൻ തുറക്കുക, ആണവ ഭീഷണി അവസാനിപ്പിക്കുക, ചർച്ചകളിലൂടെ കരാറിലെത്തുക എന്നിവയാണ് അമേരിക്ക മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ. ഈ വാരാന്ത്യത്തിൽ ഇറാനെതിരെ വലിയ ആക്രമണം ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇറാനും മേഖലയിലെ മറ്റ് രാജ്യങ്ങളും ആക്രമണം മാറ്റിവെക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം നീട്ടിയതെന്ന് ട്രംപ് വ്യക്തമാക്കി.
അതേസമയം, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ ഇറാനുമായി ചർച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണമുണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




