കോഴിക്കോട്: സംസ്ഥാനത്ത് അരി, പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. മൊത്തവിപണിയിൽ ഒരു മാസത്തിനിടെ പൊന്നി അരിക്ക് കിലോയ്ക്ക് 14 രൂപയും തുവരപ്പരിപ്പിന് 20 രൂപയും വർധിച്ചു. കടല, ഉഴുന്ന്, വൻപയർ, ചെറുപയർ, പഞ്ചസാര എന്നിവയുടെ വിലയും ഉയരുകയാണ്. വിലക്കയറ്റം സാധാരണക്കാരുടെ കുടുംബബജറ്റിനെ സാരമായി ബാധിക്കുന്നു.
വടക്കൻ കേരളത്തിലെ പ്രധാന മൊത്തവിതരണ കേന്ദ്രമായ കോഴിക്കോട് വലിയങ്ങാടിയിലും വിലവർധന പ്രകടമാണ്. പൊന്നി അരിയുടെ വില കിലോയ്ക്ക് 73 രൂപയായി ഉയർന്നു. ഓണക്കാലത്ത് ഇത് 58 രൂപയായിരുന്നു. കുറുവ അരിയുടെ വിവിധ ഇനങ്ങൾക്കും ഓണത്തിന് ശേഷം കിലോയ്ക്ക് മൂന്ന് രൂപ വർധിച്ചു.
ബിരിയാണിക്ക് ഉപയോഗിക്കുന്ന കൈമ അരിയുടെ വിലയും ഉയർന്ന നിലയിലാണ്. കഴിഞ്ഞ ജൂലൈ മുതൽ വില കുതിച്ചുയരുന്ന കൈമ അരിക്ക് ഇടക്കാലത്ത് നേരിയ കുറവുണ്ടായെങ്കിലും ഇപ്പോൾ കിലോയ്ക്ക് 180 രൂപയായി. കോല അരിയുടെ വിലയും വർധിച്ചിട്ടുണ്ട്.
പലവ്യഞ്ജന വിപണിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ തുവരപ്പരിപ്പിന് കിലോയ്ക്ക് 20 രൂപയും വൻപയറിന് 14 രൂപയും കടലയ്ക്ക് 10 രൂപയും ഉഴുന്നിന് എട്ട് രൂപയും കൂടി. ചെറുപയറിനും വില വർധിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ ഉൽപാദക സംസ്ഥാനങ്ങളിലെ കാർഷിക മേഖലയിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങളും എൽനിനോ പ്രതിഭാസവുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പശ്ചിമേഷ്യൻ സംഘർഷം വിവിധ മേഖലകളിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടെയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയും ജനങ്ങൾക്ക് തിരിച്ചടിയാകുന്നത്.
വരും മാസങ്ങളിലും വില കുറയാനുള്ള സാധ്യത കുറവാണെന്നാണ് ഇതര സംസ്ഥാനങ്ങളിലെ വിപണികളിൽനിന്നുള്ള സൂചനകൾ. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടത്തിയ ഇടപെടലുകൾ സഹായകമായിരുന്നു. സമാനമായ നടപടികൾ തുടർന്നില്ലെങ്കിൽ സാധാരണക്കാരുടെ അടുക്കള ബജറ്റ് കൂടുതൽ താളംതെറ്റുമെന്ന ആശങ്ക ശക്തമാണ്.




