കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ അനാസ്ഥ ആരോപിച്ച് ബന്ധുക്കൾ. കൊട്ടാരക്കര ചെപ്ര സ്വദേശികളായ സുരേഷ്–ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവവേദന അനുഭവപ്പെട്ട ശ്രീകലയ്ക്ക് കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
വേദന സഹിക്കാനാകുന്നില്ലെന്ന് അറിയിച്ച ശ്രീകലയോട് നഴ്സ് മോശമായി പെരുമാറിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അതേസമയം, ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്കുശേഷം കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.




