ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി രൂപീകരിച്ച വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റി. ദേശീയ ഡാം സുരക്ഷാ അതോറിറ്റി (എൻഡിഎസ്എ) ഏകപക്ഷീയമായി മുൻ ചീഫ് എഞ്ചിനീയറായ ടി.കെ. ശിവരാജനെ ഒഴിവാക്കി പകരം ഉത്തർപ്രദേശ് സ്വദേശിയായ പ്രൊഫ. എം.എൽ. ശർമയെ നിയമിച്ചതാണ് വിവാദമായിരിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാൽ ടി.കെ. ശിവരാജനെ ലഭ്യമാകുന്നില്ലെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ, സമിതിയിൽ നിന്ന് അദ്ദേഹത്തെ മാറ്റിയ നടപടി കേരളത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നാണ് ഉയരുന്ന വിമർശനം.
അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്കായി 2021ലെ ഡാം സുരക്ഷാ നിയമപ്രകാരം ഈ വർഷം ജനുവരി 6-നാണ് എൻഡിഎസ്എ സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിച്ചത്. മുൻ കേന്ദ്ര ജല കമ്മീഷൻ ചീഫ് എഞ്ചിനീയറായ ടി.കെ. ശിവരാജനായിരുന്നു കേരളത്തിന്റെ പ്രതിനിധി.
പുതുതായി നിയമിതനായ പ്രൊഫ. എം.എൽ. ശർമ, ഐ.ഐ.ടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസറും അന്താരാഷ്ട്ര ഡാം മികവ് കേന്ദ്രത്തിന്റെ മേധാവിയുമാണ്.
ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയിൽ ഗോപാൽ ധവാൻ, ഗുൽഷൻ രാജ്, എൻ. ശിവകുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ. അംഗങ്ങളുടെ മാറ്റം ഒഴികെ ജനുവരി 6ലെ ഉത്തരവിലെ മറ്റ് വ്യവസ്ഥകളിൽ മാറ്റമില്ലെന്ന് ദേശീയ ഡാം സുരക്ഷാ അതോറിറ്റി അറിയിച്ചു.
പുതിയ ഉത്തരവിന്റെ പകർപ്പ് കേരള അഡീഷണൽ ചീഫ് സെക്രട്ടറിക്കും തമിഴ്നാട് ജലവിഭവ വകുപ്പ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.




