ന്യൂഡൽഹി: കേരള ബിജെപിക്ക് ഡൽഹിയിൽ പുതിയ കാര്യാലയം ആരംഭിച്ചു. സൗത്ത് അവന്യൂവിലെ 139-ാം ക്വാർട്ടേഴ്സാണ് ഇനി കേരള ബിജെപിയുടെ ഡൽഹി ഓഫിസായി പ്രവർത്തിക്കുക. ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണദാസിനാണ് ഓഫീസിന്റെ ചുമതല. കേന്ദ്ര സർക്കാർ പദ്ധതികൾ കേരളത്തിലെത്തിക്കുന്നതിനുള്ള ലെയ്സൺ ഓഫീസായാണ് ഇത് പ്രവർത്തിക്കുകയെന്ന് കൃഷ്ണദാസ് അറിയിച്ചു.
കേരളത്തിൽ ബിജെപിക്ക് 15 ശതമാനം ജനപിന്തുണ ലഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ തടസ്സം നിൽക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
പിഎം ശ്രീ പദ്ധതിയിലൂടെ മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത സർക്കാർ നിഷേധിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സർക്കാർ ചില മത മൗലികവാദികളുടെ സമ്മർദത്തിന് വഴങ്ങുന്നുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾക്ക് നയങ്ങളിൽ വലിയ വ്യത്യാസമില്ലെന്നും അദ്ദേഹം ആരോപിച്ചു. മദ്യനയം മദ്യ വ്യവസായികൾക്ക് അനുകൂലമാണെന്നും കൃഷ്ണദാസ് വിമർശിച്ചു.
ശബരിമല വിഷയത്തിലും അദ്ദേഹം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതൃത്വത്തിനും പങ്കുണ്ടെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ബിജെപിയിലെ ഫണ്ട് വിവാദത്തിൽ സംസ്ഥാന അധ്യക്ഷൻ വിശദീകരണം നൽകിയിട്ടുണ്ടെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നാണ് നിലപാടെന്നും കൃഷ്ണദാസ് പറഞ്ഞു. സംഘടനയിൽ പരാതികൾ പരിശോധിക്കാൻ അച്ചടക്ക സമിതി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സൈബർ വിഭാഗം ഭാരവാഹി പണച്ചാക്കുമായുള്ള സെൽഫി പങ്കുവെച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്നും പലരും തന്നോടൊപ്പം സെൽഫി എടുക്കാറുണ്ടെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.












