കണ്ണൂര്‍: ടി. പുരുഷോത്തമന്റെ ഷെഡ് കത്തിച്ച കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഒരു ഷെഡ് മാത്രമല്ല, അതിന് താഴെയുള്ളതുപോലും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്നും, തിരഞ്ഞെടുപ്പിൽ തോറ്റെന്ന കാരണത്താൽ സി.പി.എം ദുർബലമായെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ എം.എൽ.എ ടി. പുരുഷോത്തമന്റെ ഷെഡ് കത്തിച്ച സംഭവത്തിൽ യാതൊരു തെളിവുമില്ലാതെ പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തുകയാണെന്ന് രാഗേഷ് ആരോപിച്ചു. നിലവിലെ പൊലീസ് സംവിധാനമുണ്ടായിട്ടും അന്വേഷണം മുന്നോട്ടുപോകാത്തത് എന്തുകൊണ്ടാണെന്നും, സ്വന്തം ആളുകൾ പിടിയിലാകുമെന്ന ഭയമാണോ അതിന് കാരണമെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി വിട്ടുപോയവർ സംഘടനയുടെ ആഭ്യന്തര കാര്യങ്ങൾ വാർത്താസമ്മേളനങ്ങളിൽ ഉന്നയിക്കുന്നത് ആദ്യമായാണെന്നും രാഗേഷ് വിമർശിച്ചു.
പയ്യന്നൂരിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചും രാഗേഷ് പ്രതികരിച്ചു. സ്ഥാനാർഥിയെ മാറ്റിയിരുന്നെങ്കിൽ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് സമ്മതിക്കുന്നതിന് തുല്യമാകുമായിരുന്നുവെന്നും, അതുകൊണ്ടാണ് സ്ഥാനാർഥിയെ മാറ്റാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ.കെ. രാഗേഷിന്റെ ആരോപണങ്ങൾക്ക് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ മറുപടി നൽകി. താൻ യു.ഡി.എഫ് അംഗമല്ല, സ്വതന്ത്ര എം.എൽ.എയാണെന്നും, യു.ഡി.എഫിന്റെ പിന്തുണ ലഭിച്ചതിനാലാണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഫണ്ട് വിവാദത്തിൽ സി.പി.എം വിശദീകരണം നൽകാതിരുന്നത് സമയക്കുറവ് കൊണ്ടല്ല, മറിച്ച് ചിലരെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. പയ്യന്നൂരിലെ അക്രമക്കേസിൽ അറസ്റ്റിലായത് സി.പി.എം പ്രവർത്തകരാണെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
ഇതിനിടെ, മുൻ എം.എൽ.എ ടി.ഐ. മധുസൂദനൻ വി. കുഞ്ഞികൃഷ്ണന് വക്കീൽ നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പ് ഫണ്ടും രക്തസാക്ഷി ഓഫീസ് നിർമാണ ഫണ്ടും സംബന്ധിച്ച കണക്ക് വ്യക്തമാക്കണമെന്നും, മാനഹാനിക്ക് നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പിൻവലിക്കണമെന്ന ആവശ്യവും നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.




