കോഴിക്കോട്: മന്ത്രി കെ.എം. ഷാജിക്കെതിരെ വിമർശനവുമായി എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ എം.എൻ. കാരശ്ശേരി. ഷാജിയുടെ ‘മതമാണ് മതമാണ് മതമാണ്’ എന്ന പരാമർശം ജനാധിപത്യത്തെയും ദേശീയതയെയും പരിഹസിക്കുന്നതാണെന്ന് കാരശ്ശേരി ആരോപിച്ചു. പരാമർശം ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രാഷ്ട്രീയത്തിന്റെ പ്രധാന ലക്ഷ്യം മതമായിരിക്കരുതെന്നും അങ്ങേയറ്റം അപലപനീയമായ പരാമർശം പിൻവലിക്കേണ്ടതായിരുന്നുവെന്നും കാരശ്ശേരി പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ചില പരാമർശങ്ങളും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രിക്ക് ഔദ്യോഗികമായി യാത്ര ചെയ്യാൻ സർക്കാർ വാഹനം ലഭ്യമാണെന്നും സുഹൃത്തുക്കളായ സമ്പന്നരിൽനിന്ന് സൗജന്യ സൗകര്യങ്ങൾ സ്വീകരിക്കുന്നത് ധാർമിക പ്രശ്നമാണെന്നും കാരശ്ശേരി പറഞ്ഞു. മറ്റൊരാളുടെ സൗജന്യ ആഡംബര വാഹനത്തിൽ യാത്ര ചെയ്യേണ്ട സാഹചര്യം മന്ത്രിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഡംബര ജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങളും വിമർശിച്ച കാരശ്ശേരി, മന്ത്രിസ്ഥാനം ലഭിച്ചതിന്റെ പേരിൽ ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ സംസാരിക്കരുതെന്നും ആവശ്യപ്പെട്ടു. സമുദായ അന്തരീക്ഷത്തെയും ജനങ്ങളുടെ അന്തസിനെയും ബാധിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരെയും എംഎൽഎമാരെയും ജനങ്ങൾ തെരഞ്ഞെടുത്തത് അവർ തങ്ങളുടെ തല ഉയർത്തിപ്പിടിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തിക്കാനാണെന്നും കാരശ്ശേരി വ്യക്തമാക്കി. ജനപ്രതിനിധികൾ ജനങ്ങളെ ബഹുമാനിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




