തിരുവനന്തപുരം: പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെ സർക്കാർ എതിർക്കുന്നില്ലെന്നും, ആശുപത്രി സ്ഥലം കൈയേറി പ്രവർത്തനം നടത്തുന്നതാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡിവൈഎഫ്‌ഐയും സേവാഭാരതിയും ആശുപത്രി സ്ഥലം കൈയേറിയെന്നാണ് പരാതി ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ആലപ്പുഴ ഒഴികെയുള്ള സർക്കാർ ആശുപത്രികളിൽ പൊതിച്ചോറ് വിതരണം ചെയ്യാൻ നിലവിൽ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ നിർമ്മാണം തടസപ്പെടുന്ന സാഹചര്യം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രി ഭൂമി കൈയേറി ഭക്ഷണ വിതരണം നടത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ ആശുപത്രിയിൽ കെ. കരുണാകരന്റെ പേരിൽ നടക്കുന്ന പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സർക്കാർ സ്ഥാപനങ്ങൾക്ക് രാഷ്ട്രീയ നേതാക്കളുടെ പേരിടുന്ന വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ദേശീയ-സംസ്ഥാന നേതാക്കളുടെ പേരുകൾ പല സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ടെന്നും, പ്രതിഷേധങ്ങളോ വിമർശനങ്ങളോ കണ്ട് ഭയപ്പെടുന്ന ആളല്ല താനെന്നും കെ. മുരളീധരൻ പറഞ്ഞു.




