തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തീകൊളുത്തൽ ആക്രമണത്തിൽ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെട്രോൾ ഒഴിച്ച് മറ്റുള്ളവരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ നന്നാട്ടുകാവ് സ്വദേശിയായ അനീഷിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയാണ് വെമ്പായത്തെ ബാറിൽ സംഭവം നടന്നത്. ബാറിലെ എസി മുറിയിൽ സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
തർക്കത്തിന് പിന്നാലെ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങി വന്ന് മറ്റുള്ളവരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടർന്നു. സംഭവത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് തീ അണച്ചു. തീപിടിത്തത്തിൽ ബാറിന്റെ എസി വിഭാഗത്തിന്റെ ഏകദേശം 80 ശതമാനവും കത്തിനശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




