കൊച്ചി: ജനകീയ പ്രശ്നങ്ങളിൽ ചിലപ്പോൾ നിലപാടുകൾ എടുക്കേണ്ടിവരുമെന്നും അവ നിയമപരമായി ശരിയാകണമെന്നില്ലെങ്കിലും മനസാക്ഷിക്ക് മുന്നിൽ ശരിയാണെന്നും കൊച്ചി മേയർ വി.കെ. മിനിമോൾ. അഴിമതിയാരോപണങ്ങളെ തുടർന്ന് പ്രതികരിച്ച അവർ, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വ്യക്തമാക്കി. രണ്ട് തവണ അന്വേഷിച്ച് തള്ളിയ പരാതികളാണ് വീണ്ടും ഉയർത്തുന്നതെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.
പാലാരിവട്ടത്ത് റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് മേയറിനെതിരായ ആരോപണം. എന്നാൽ, കൈക്കൂലി വാങ്ങാൻ പൊതുയോഗം വിളിച്ച് മിനിറ്റ്സ് തയ്യാറാക്കി പണം ആവശ്യപ്പെടില്ലെന്നും, നാട്ടുകാരുടെ പ്രശ്നം പരിഹരിക്കാൻ എടുത്ത ഒരു റിസ്ക് മാത്രമാണിതെന്നും മിനിമോൾ പ്രതികരിച്ചു. ജനകീയ വിഷയങ്ങളിൽ മധ്യസ്ഥയായി ഇടപെടേണ്ടിവരുമെന്നും അതിനാൽ ചില തീരുമാനങ്ങൾ നിയമപരമായി ശരിയാകണമെന്നില്ലെങ്കിലും ഉദ്ദേശം ശരിയാണെന്നും അവർ പറഞ്ഞു.
പരാതി ഉയർന്നതിനെ തുടർന്നല്ല പണം തിരിച്ചു നൽകിയതെന്നും, അടുത്ത ഡിവിഷനിൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പഴയ ഡിവിഷനിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയാണു പണം മടക്കിനൽകിയതെന്നും മേയർ വിശദീകരിച്ചു.
പാലാരിവട്ടം കെ.ജി ഓക്സ്ഫോർഡ് സിംഫണി അപ്പാർട്ട്മെന്റ് സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട് കളവത്ത് ക്രോസ് റോഡ് നവീകരണത്തിനിടെയാണ് വിവാദം ഉയർന്നത്. റോഡ് പുനർനിർമാണത്തിനായി കൺസ്ട്രക്ഷൻ കമ്പനി അഞ്ച് ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അസോസിയേഷൻ ഭാരവാഹികൾക്ക് നൽകിയിരുന്നു. ഇതിൽ നിന്ന് മൂന്ന് ലക്ഷം രൂപ മിനിമോൾ കൈപ്പറ്റിയെന്നതാണ് ആരോപണം. എന്നാൽ, റോഡ് നവീകരണം കോർപ്പറേഷൻ ഫണ്ടിൽ നിന്നാണെന്നും അസോസിയേഷൻ ഫണ്ടിൽ നിന്നൊരു രൂപ പോലും ഉപയോഗിച്ചിട്ടില്ലെന്നുമാണ് ആരോപണത്തിലെ മറ്റൊരു വശം.
വ്യക്തിപരമായ വൈരാഗ്യത്തെ തുടർന്ന് ചിലർ പലതവണ പരാതി നൽകിയെങ്കിലും എല്ലാം തള്ളപ്പെട്ടതായും സംഭവത്തിലെ യാഥാർത്ഥ്യം അസോസിയേഷൻ അംഗങ്ങൾക്ക് അറിയാമെന്നും മേയർ വ്യക്തമാക്കി. ഇതേസമയം, മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് മുമ്പ് രംഗത്തെത്തിയിരുന്നു.




