കൊച്ചി: ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജഗിരി കോളേജിന് സമീപത്തുനിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് പടമുകൾ സ്വദേശി എബിൻ പീറ്റർ (36) ആണ് പിടിയിലായത്. ഇൻഫോപാർക്ക് പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ 28ന് രാവിലെ 8.20നും വൈകിട്ട് 3.15നും ഇടയിലാണ് മോഷണം നടന്നത്. രാജഗിരി കോളേജിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന കോതമംഗലം പല്ലാരിമംഗലം സ്വദേശിയുടെ സുസുക്കി ആക്സിസ് സ്കൂട്ടറാണ് മോഷണം പോയത്. വാഹന ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ താമസസ്ഥലത്ത് എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് കീഴടക്കി.
പ്രതിയുടെ വീടിന് സമീപത്തുനിന്ന് നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിൽ മോഷ്ടിച്ച സ്കൂട്ടറും പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് മാറ്റി വാഹനം പൊളിച്ചുവിൽക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പ്രതി അന്തർസംസ്ഥാന വാഹന മോഷണ സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഇൻഫോപാർക്ക് എസ്.എച്ച്.ഒ സനീഷ് ടി.എസ്, എസ്.ഐ നജീബ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


