കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ 12 വയസ്സുകാരനെ ആറാം ദിവസത്തെ തിരച്ചിലിനൊടുവിൽ ഗോവയിൽ കണ്ടെത്തി. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകനെയാണ് കണ്ടെത്തിയത്. കുട്ടിയെ നിലവിൽ ശിശുക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) സംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്.
കുട്ടി ഗോവയിലെത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ല. യാത്ര പോകുകയാണെന്നും 30 വർഷത്തിന് ശേഷമേ തിരിച്ചുവരൂ എന്നും കുട്ടി സഹപാഠികളോട് പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. മുടി മുറിച്ച് രൂപമാറ്റം വരുത്തിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വീടുവിടുന്നതിന് മുമ്പ് കുട്ടി സ്വയം മുടി മുറിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി ആരോടും പറയാതെ സ്വന്തം സൈക്കിളിൽ വീടുവിട്ടിറങ്ങുകയായിരുന്നു. കുട്ടി സൈക്കിളിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കണ്ടെത്തി.
കുട്ടി ട്രെയിനിൽ യാത്ര ചെയ്തിരിക്കാമെന്ന നിഗമനത്തിൽ പൊലീസും റെയിൽവേ സംരക്ഷണ സേനയും (ആർപിഎഫ്) തിരച്ചിൽ ശക്തമാക്കിയിരുന്നു. ഒടുവിൽ ആറാം ദിവസമാണ് ഗോവയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
മൂന്ന് വർഷത്തിലേറെയായി കുട്ടിയും കുടുംബവും കൊല്ലത്താണ് താമസിക്കുന്നത്. പിതാവിന് ഇവിടെ ജോലിയുണ്ട്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ ഏപ്രിലിൽ കുട്ടിയുടെ അമ്മ ഇളയ കുഞ്ഞിനൊപ്പം കൊൽക്കത്തയിലേക്ക് മടങ്ങിയിരുന്നു. ചികിത്സ പൂർത്തിയാക്കി കേരളത്തിലേക്ക് തിരിച്ചെത്താനായിരുന്നു പദ്ധതി.
അമ്മയിൽ നിന്ന് അകന്നുനിൽക്കുന്നതിന്റെ വിഷമം കുട്ടിയെ അലട്ടിയിരിക്കാമെന്നും അമ്മയുടെ അടുത്തേക്ക് പോകാനായിരിക്കാം ട്രെയിനിൽ യാത്ര ചെയ്തതെന്നും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസ് സംശയിച്ചിരുന്നു. എന്നാൽ, കുട്ടി ഗോവയിലെത്തിയതിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.




