വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എൻജിനീയറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കൊട്ടിയം തഴുത്തല സ്വദേശി നസീറിനെ (53) ആണ് കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ബൈജു എസ്. എസ്.യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കുമ്മല്ലൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒരു ഫുഡ് പ്രോസസിംഗ് സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിനായി 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ആറുമാസം മുമ്പ് പുതിയ വൈദ്യുതി കണക്ഷനായി സ്ഥാപന ഉടമ കെഎസ്ഇബിയെ സമീപിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കണക്ഷൻ അനുവദിക്കാതെ സബ് എൻജിനീയർ കാലതാമസം വരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് കണക്ഷൻ അനുവദിക്കണമെങ്കിൽ 5,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടതോടെ സ്ഥാപന ഉടമ കൊല്ലം വിജിലൻസ് യൂണിറ്റിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം തന്ത്രപൂർവം ഒരുക്കിയ നീക്കത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.
അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി വിജിലൻസ് അധികൃതർ അറിയിച്ചു.




