ഇടുക്കി: വി.ഡി. സതീശൻ സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യ കെഎസ്ആർടിസി യാത്രാ പദ്ധതിയെ പരിഹസിച്ച് സിപിഐഎം നേതാവ് എം.എം. മണി. സൗജന്യ യാത്രയ്ക്ക് സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്നാണ് പരിഹസിച്ചത്. സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണ്, പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാം എന്നും കൂട്ടിച്ചേർത്തു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പിലാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വിവാദ പരാമർശവുമായി എംഎം മണി രംഗത്ത് വന്നിരിക്കുന്നത്.
ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഐഎം കമ്മിറ്റികളിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരെ ഉയർന്ന വിമർശനങ്ങളെ മണി തള്ളിപ്പറഞ്ഞു. ഗാന്ധിജിയെ കൊന്നവരുടെ കയ്യിൽ രാജ്യം എത്തിച്ചു കൊടുത്തവരാണ് സതീശന്റെ പാർട്ടിയെന്നും, അങ്ങനെയുള്ളവർ കൊണ്ടുവരുന്ന വികസനം എങ്ങനെയുള്ളതാണെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും വ്യക്തമാക്കി.






