തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണത്തിൽ 16 ലക്ഷത്തിന്റെ വർദ്ധനവുണ്ടായതായി ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ അറിയിച്ചു. പത്തനാപുരം ഡിപ്പോയിൽനിന്ന് ഇളമ്പൽ വഴി പുനലൂരിലേക്കുള്ള പുതിയ ഗ്രാമീണ സർവീസിന്റെ ഉദ്ഘാടനം സദാനന്ദപുരം മോട്ടൽ ജംഗ്ഷനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനാപുരം, വെട്ടിക്കവല, സദാനന്ദപുരം, ഉഗ്രൻമുക്ക്, കണ്ണങ്കോട്, തലച്ചിറപള്ളിമുക്ക്, ചാക്കാലക്കുന്ന്, ചക്കുവരയ്ക്കൽ കോട്ടവട്ടം ഇളമ്പൽ വഴി പുനലൂരിലേക്കാണ് സർവീസ്. ജീവനക്കാർക്കായി വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും കെഎസ്ആർടിസി പ്രവർത്തനലാഭത്തിൽ മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഴുകോടി രൂപ ചെലവിൽ പത്തനാപുരം സെയ്ന്റ് മേരീസ് റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.വെട്ടിക്കവല ഗ്രാമപ്പഞ്ചായത്ത് അംഗം ബി വേണുഗോപാൽ അദ്ധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അജി അനിമോൻ, ബിജു മലബാർ, സുജാ ഗോപി, തലച്ചിറ അസീസ് തുടങ്ങിയവർ പങ്കെടുത്തു.










