തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും സർവീസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളിലും കർശന നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
വൈക്കത്തിന് സമീപം ചെമ്പ് അങ്ങാടിയിൽ പ്രിയദർശിനി ബസ് തടഞ്ഞുനിർത്തി സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തതായി കെഎസ്ആർടിസി അറിയിച്ചു. സംഭവത്തിൽ ബസിന്റെ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് തകർന്നതായും പറയുന്നു.
സംഭവത്തെ തുടർന്ന് വൈക്കം പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് ഇടപെട്ട് ഇരുവാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കെഎസ്ആർടിസി ഡ്രൈവറുടെ പരാതിയിൽ പൊതുമുതൽ നശീകരണം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജൂലൈ 24ന് കൊല്ലം യൂണിറ്റിന്റെ കൊല്ലം-പത്തനംതിട്ട സർവീസിനിടെ ഭരണിക്കാവിൽ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ഡ്രൈവറായ എസ്. രാജീവിനെ മർദിച്ചതായും കെഎസ്ആർടിസി അറിയിച്ചു. പരിക്കേറ്റ ഡ്രൈവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ജീവനക്കാർക്കും പൊതുമുതലിനുമെതിരായ ആക്രമണങ്ങൾ ഗൗരവമായി കാണുന്നുവെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് വകുപ്പുമായി ചേർന്ന് നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
പൊതുഗതാഗത സേവനങ്ങൾ തടസ്സപ്പെടുത്തുകയോ ജീവനക്കാരെ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും യാത്രക്കാരോട് അഭ്യർത്ഥിച്ചു.




