കൊല്ലം: കുണ്ടറയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ സ്വർണമാല കവർന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിമുക്ക് ഫാത്തിമ മൻസിലിൽ മാഹീൻ (26), ചെമ്മാമുക്ക് ജംഗ്ഷൻ സജീർ മൻസിലിൽ താരിഹ് (28) എന്നിവരാണ് പിടിയിലായത്.
മാമ്പുഴ സ്വദേശിനി അർച്ചനയുടെ മാലയാണ് പ്രതികൾ കവർന്നത്. കഴിഞ്ഞ സെപ്റ്റംബർ 10ന് കുണ്ടറ മുക്കട ധന്യ സൂപ്പർമാർക്കറ്റിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അർച്ചനയെ പ്രതികൾ ബൈക്കിൽ പിന്തുടർന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ യുവതിയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.




