തൃശ്ശൂർ: കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പുതിയ ലാബ് കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി എ. സി. മൊയ്തീൻ സന്ദര്‍ശിച്ചു. പ്രിന്‍സിപ്പാള്‍ വിജയലക്ഷ്മി, പിടിഎ പ്രസിഡണ്ട് വേണുഗോപാല്‍, സൈറ്റ് സൂപ്പര്‍വൈസര്‍ ജിനുരാജ് എന്നിവര്‍ എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.2023-ലെ സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ആതിഥേയത്വം വഹിച്ച കുന്നംകുളത്തിന് വിദ്യാഭ്യാസ മന്ത്രി 2023–24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ഉപഹാരമായാണ് വിഎച്ച്എസ്എസിന് 2.63 കോടി രൂപയുടെ പുതിയ കെട്ടിടം അനുവദിച്ചത്.
63 ലക്ഷം രൂപ ചെലവഴിച്ച് നിലവിലെ കെട്ടിടത്തിന്റെ മൂന്നാം നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. 2 കോടി രൂപ ചെലവഴിച്ചുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. 488 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ രണ്ട് നിലകളിലായി നാല് ലാബ് മുറികള്‍, ടോയ്ലെറ്റ്, കോണിമുറി എന്നിവ ഉള്‍പ്പെടുന്ന കെട്ടിടമാണിത്. ഭിന്നശേഷി സൗഹൃദ റാംപ്, ടൈല്‍ ഫ്ലോറിംഗ്, പെയിന്റിംഗ്, ഇലക്ട്രിഫിക്കേഷന്‍ വര്‍ക്കുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ അമ്മു ഇന്‍ഫ്രാസ്ട്രക്ചേഴ്സ് എന്ന സ്ഥാപനമാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.






