കുവൈത്ത് സിറ്റി: സുഡാൻ തലസ്ഥാനമായ കാർട്ടൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 36 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു വിദേശ വിമാനക്കമ്പനിയുടെ വിമാനം ഇറങ്ങി. കുവൈത്ത് എയർവേയ്‌സിന്റെ വിമാനമാണ് ഈ ചരിത്രപരമായ സർവീസ് നടത്തിയത്.
1990ന് ശേഷം ദീർഘ ഇടവേളയ്ക്കുശേഷമാണ് കാർട്ടൂമിലേക്ക് വിദേശ വിമാന സർവീസ് പുനരാരംഭിക്കുന്നത്. കുവൈത്തിൽ നിന്നുള്ള ഏകദേശം 300 സുഡാൻ പൗരന്മാരുമായി വിമാനം എത്തി.
ഈ സംഭവത്തെ സുഡാൻ സ്ഥാനപതി അവദ് അൽ കരീം അൽ റീഹ് ബല്ല പ്രതീകാത്മകമായി വിശേഷിപ്പിച്ചു. കാർട്ടൂം ഇപ്പോൾ കൂടുതൽ സുരക്ഷിതമാണെന്നും അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബോയിംഗ് 777 പോലുള്ള വലിയ യാത്രാവിമാനം വിജയകരമായി ഇറക്കാൻ കഴിഞ്ഞത് വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമത തെളിയിക്കുന്നതായി അധികൃതർ വ്യക്തമാക്കി. വിദേശ വിമാനക്കമ്പനികൾക്കായി സുഡാന്റെ വ്യോമപാതകൾ വീണ്ടും തുറക്കുന്നതിന്റെ തുടക്കമാണിതെന്നും അവർ പറഞ്ഞു. പ്രതിസന്ധിക്കാലങ്ങളിൽ സുഡാനെ പിന്തുണച്ച കുവൈത്തിന് സുഡാൻ ജനത നന്ദി അറിയിച്ചു. രാജ്യത്ത് സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സർവീസ് നിർണായക ഘട്ടമായി വിലയിരുത്തപ്പെടുന്നു.






