പത്തനംതിട്ട: പത്തനംതിട്ടയിലെ വടശ്ശേരിക്കര റേഞ്ച് പരിധിയിൽ കേഴമാനെ വെടിവെച്ച് കൊന്ന നാലംഗ നായാട്ടുസംഘത്തെ വനംവകുപ്പ് പിടികൂടി. പ്രതികളിൽ നിന്ന് തോക്കും മറ്റ് മാരകായുധങ്ങളും പിടിച്ചെടുത്തു.
ഗുരുനാഥൻമണ്ണ് സ്വദേശികളായ ജോർജുകുട്ടി, ബാബു, അലക്സ് എന്നിവരുള്‍പ്പെടെയുള്ള സംഘത്തെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയായിരുന്നു ഇവർ വേട്ടയ്ക്കിറങ്ങിയത്.
ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുന്നംഭാഗത്ത് കേഴമാനെ വെടിവെച്ച് കൊന്നശേഷം മടങ്ങുന്നതിനിടെയാണ് സംഘം പിടിയിലായത്. റാന്നി ഡിഎഫ്ഒയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടശ്ശേരിക്കര റേഞ്ച് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
പ്രതികളിൽ നിന്ന് വേട്ടയ്ക്ക് ഉപയോഗിച്ച തോക്കും മറ്റ് മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആനക്കൊമ്പ് കടത്ത് കേസുൾപ്പെടെ നിരവധി വന്യജീവി കുറ്റകൃത്യങ്ങളിൽ ഇവർ മുമ്പും പ്രതികളായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




