ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് എ ആർ റഹ്മാൻ അടുത്തിടെ ഒരു അഭിമുഖത്തില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ്.കഴിഞ്ഞ എട്ട് വർഷമായി തനിക്ക് ലഭിക്കുന്ന അവസരങ്ങൾ ഗണ്യമായി കുറഞ്ഞുവെന്നും, അതിന് പിന്നിൽ വർഗീയ സമീപനങ്ങൾ കാരണമായിരിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ പരാമർശം സഹകലാകാരന്മാരുടെയും നിരൂപകരുടെയും ഇടയിൽ വ്യാപക ചർച്ചയ്ക്കും വിവിധ പ്രതികരണങ്ങൾക്കും വഴിവെച്ചു. ചിലർ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തി. ഇതിനിടെയാണ് മുതിർന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഐ.എ.എൻ.എസുമായുള്ള ഒരു സംഭാഷണത്തില്‍ റഹ്മാന്റെ അവസരങ്ങള്‍ കുറയുന്നത് സാമുദായിക ഘടകം കൊണ്ടല്ലെന്ന് ജാവേദ് അക്തർ പറഞ്ഞു. ‘എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. മുംബൈയില്‍, ഞാൻ പലരെയും കണ്ടുമുട്ടുന്നു. അവർക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തിരക്കിലാണെന്ന് അവർ കരുതുന്നുണ്ടാകാം. അല്ലെങ്കില്‍ വിദേശത്തുള്ള അദ്ദേഹത്തിന്റെ പ്രോഗ്രാമുകളില്‍ ധാരാളം സമയം എടുക്കുന്നതിനാല്‍, നമ്മുടെ പ്രോജക്റ്റുകള്‍ക്ക് അദ്ദേഹം ലഭ്യമായിരിക്കില്ല. റഹ്മാന് ഇത്രയും വലിയ വ്യക്തിത്വമുള്ളതിനാല്‍, ചെറിയ നിർമാതാക്കള്‍ അദ്ദേഹത്തെ സമീപിക്കാൻ ഭയപ്പെടാം. എന്നാല്‍ ഇതില്‍ ഒരു സാമുദായിക ഘടകം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല’ -ജാവേദ് അക്തർ പറഞ്ഞു.
എന്നാൽ, അവസരങ്ങള്‍ കുറഞ്ഞതിനെക്കുറിച്ച് പരാതിപ്പെടുന്നതിനേക്കാള്‍, തനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കൂടുതല്‍ സമയം ലഭിക്കുന്നതിലാണ് സന്തോഷമെന്ന് ബി.ബി.സി എഷ്യൻ നെറ്റ്‍വർക്കിന് നല്‍കിയ അഭിമുഖത്തിൽ റഹ്മാൻ വ്യക്തമാക്കിയിരുന്നു. തന്റെ ആത്മാർഥതയിലൂടെ അവസരങ്ങള്‍ തന്നെ തേടി വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.വലിയ വ്യക്തിത്വമുള്ള ആളാണ് റഹ്മാൻ, ചെറിയ നിര്‍മാതാക്കള്‍ അദ്ദേഹത്തെ സമീപിക്കാൻ ഭയപ്പെടാം; ആയതിനാൽ ഒരു സാമുദായിക ഘടകം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല’ : ജാവേദ് അക്തര്‍




