ലഡാക്ക്: ലേ- ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹികപ്രവര്‍ത്തകനുമായ സോനം വാങ്ചുക് അറസ്റ്റില്‍. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ 4 പേര്‍ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. സൈനികരടക്കം എണ്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വാങ്ചുക്കിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ദേശസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്
വാങ്ചുക്ക് ഉള്‍പ്പെടെ 15 പേര്‍ സെപ്റ്റംബര്‍ 10 മുതല്‍ 35 ദിവസം നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. നിരാഹാരമനുഷ്ഠിച്ച രണ്ടുപേരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ലേയിലെ ബുദ്ധമത വിശ്വാസികളുടെ സംഘടനയായ ലേ ഏപ്പെക്‌സ് ബോഡിയുടെ യുവജന സംഘടനയാണ് ലേയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇത് അക്രമാസക്തമായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുകയായിരുന്നു.
പ്രതിഷേധത്തെ നേപ്പാളിലെ ജെന്‍ സീ കലാപത്തോടും ബംഗ്ലദേശിലെ ജനകീയ പ്രക്ഷോഭത്തോടും ഉപമിച്ച വാങ്ചുക്കിന്റെ പ്രസ്താവനകളാണ് കലാപം അക്രമാസക്തമായതിന് കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്.. ഇതിനു പിന്നാലെ വാങ്ചുക്കിന്റെ സന്നദ്ധ സംഘടനയായ ദ സ്റ്റുഡന്റ്‌സ് എജ്യുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ ലൈസന്‍സും കേന്ദ്രം റദ്ദാക്കി. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു നടപടി. നിലവില്‍ ലഡാക്ക് കലാപം സിബിഐ അന്വേഷിക്കുകയാണ്. വാങ്ചുക്കിന്റെ പാക്കിസ്ഥാന്‍ യാത്രയും അന്വേഷണ പരിധിയിലുണ്ട്.










