ഇന്ത്യയുടെ കരങ്ങളിൽ നിന്നും പാകിസ്ഥാനിൽ ഏറ്റുവാങ്ങിയ കനത്ത പ്രഹരത്തിന് പ്രതികാരം വീട്ടാൻ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയീദ് പുതിയ തന്ത്രങ്ങൾ മെനയുന്നു.
പാകിസ്ഥാന്റെ മണ്ണിൽ നിന്നും ഭീകരവാദത്തിന്റെ വിത്തുകൾ തുടച്ചുനീക്കാൻ ഇന്ത്യ നടത്തിയ ശക്തമായ ‘ഓപ്പറേഷൻ സിന്ദൂറിന്’ തിരിച്ചടി നൽകാൻ, ബംഗ്ലാദേശിനെ ഒരു പുതിയ ഭീകര താവളമാക്കി മാറ്റാനാണ് ലഷ്കർ-ഇ-തൊയ്ബയുടെ ഈ തലതൊട്ടപ്പൻ ശ്രമിക്കുന്നത്. കിഴക്കൻ അതിർത്തിയിൽ നിന്നും ഇന്ത്യയുടെ ഹൃദയത്തിലേക്ക് വിഷപ്പല്ലുകൾ ആഴ്ത്താനുള്ള ഈ പുതിയ നീക്കത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിട്ടിരിക്കുകയാണ് .
ഭീകരതയോട് സന്ധി ചെയ്യുന്ന ഇന്ത്യയല്ല ഇതെന്ന് പാകിസ്ഥാനെയും ഭീകരസംഘടനകളെയും ഓർമ്മിപ്പിച്ച ഒന്നായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നിഷ്കളങ്കരായ വിനോദസഞ്ചാരികളെ മതത്തിന്റെ പേരിൽ വേർതിരിച്ച് ലഷ്കറിന്റെ ഉപസംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (TRF) ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.
ഈ നരനായാട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകരർക്കെതിരെ, പാകിസ്ഥാൻ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് ഇന്ത്യ ശക്തമായ തിരിച്ചടിക്ക് തയ്യാറെടുത്തത്.
2025 മെയ് 7-8 തീയതികളിൽ രാത്രിയിൽ, ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപത് ഭീകരപരിശീലന കേന്ദ്രങ്ങൾക്കുനേരെ കൃത്യമായ മിസൈൽ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു .
പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയോ സാധാരണക്കാരെയോ ലക്ഷ്യം വെക്കാതെ, ഭീകരവാദത്തിന്റെ ഉറവിടങ്ങളിൽ മാത്രം തിരിച്ചടിച്ച ഈ സൈനിക നീക്കം, ഇന്ത്യയുടെ പുതിയ പ്രതിരോധ തന്ത്രത്തിന്റെ വ്യക്തമായ സൂചനയായിരുന്നു .
സുഖോയ്-30 എംകെഐ, റഫാൽ, മിറാഷ്, തേജസ് തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങൾ ഈ ഓപ്പറേഷനിൽ പങ്കാളികളായിരുന്നു . ഈ ഓപ്പറേഷനിൽ തന്റെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടത് ഹാഫിസ് സയീദിന്റെ പ്രതികാരദാഹം വർധിപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
പശ്ചിമാതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ നിരീക്ഷണ വലയം ഭേദിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ലഷ്കർ ഭീകരർ കിഴക്കൻ അതിർത്തിയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
ബംഗ്ലാദേശിനെ ഒരു പുതിയ ലോഞ്ച് പാഡായി ഉപയോഗിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഹാഫിസ് സയീദ് തന്റെ വിശ്വസ്തനായ ഇബ്തിസാം ഇലാഹി സഹീർ എന്നയാളെയാണ് ബംഗ്ലാദേശിലേക്ക് അയച്ചിരിക്കുന്നത്.
പാകിസ്ഥാനിലെ മാർക്കസി ജംഇയ്യത്ത് അഹ്‌ലെ-ഹദീസിന്റെ ജനറൽ സെക്രട്ടറിയായ ഇയാൾ ഒക്ടോബർ 25-ന് ബംഗ്ലാദേശിലെ രാജ്ഷാഹിയിൽ വിമാനമിറങ്ങുകയും . അവിടെയുള്ള അൽ ജാമിഅ അസ്-സലഫിയ പോലുള്ള തീവ്ര സലഫി ആശയങ്ങൾ പിന്തുടരുന്ന സംഘടനകളുമായി ചേർന്ന് യുവാക്കളെ ജിഹാദിന്റെ പേരിൽ ആകർഷിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുകയാണ് ഇവരുടെ ലക്ഷ്യം.
ഒക്ടോബർ 30-ന് പാകിസ്ഥാനിലെ ഖൈർപൂർ വാലിയിൽ നടന്ന ഒരു റാലിയിൽ ലഷ്കർ കമാൻഡർ സെയ്ഫുള്ള സെയ്ഫ് നടത്തിയ പ്രസംഗം ഈ ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണ്.
അന്ന് അയാൾ പറഞ്ഞത് “ഹാഫിസ് സയീദ് വെറുതെ ഇരിക്കുകയല്ല, ബംഗ്ലാദേശ് വഴി ഇന്ത്യയെ ആക്രമിക്കാൻ തയ്യാറെടുക്കുകയാണ്” എന്നും, “ഞങ്ങളുടെ ആളുകൾ കിഴക്കൻ പാകിസ്ഥാനിൽ (ബംഗ്ലാദേശ്) സജീവമാണ്, ഓപ്പറേഷൻ സിന്ദൂറിന് മറുപടി നൽകാൻ അവർ തയ്യാറാണ്” എന്നും സെയ്ഫ് ആഹ്വാനം ചെയ്തിരുന്നു . കുട്ടികളെപ്പോലും പങ്കെടുപ്പിച്ച ഈ റാലി, ഭീകരസംഘടനകൾ എത്രത്തോളം വിഷലിപ്തമായ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നതിന്റെ വ്യക്തമായ തെളിവാണ് .
ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പാകിസ്ഥാനുമായി വർധിച്ചുവരുന്ന അടുപ്പം ആശങ്കയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.
1971-ലെ വിമോചന യുദ്ധത്തിന് ശേഷം ആദ്യമായി പാകിസ്ഥാന്റെ ഒരു നാവികസേനാ കപ്പൽ ചിറ്റഗോംഗ് തുറമുഖത്ത് നങ്കൂരമിട്ടതും, പാക്ക് നാവികസേനാ മേധാവിയുടെ ധാക്ക സന്ദർശനവും ഈ പുതിയ ചങ്ങാത്തത്തിന്റെ സൂചനകളാണ്. “അമേരിക്ക ഇപ്പോൾ ഞങ്ങളോടൊപ്പമുണ്ട്, ബംഗ്ലാദേശ് വീണ്ടും പാകിസ്ഥാനുമായി അടുത്തുകൊണ്ടിരിക്കുകയാണ്” എന്ന സെയ്ഫുള്ള സെയ്ഫിന്റെ പ്രസ്താവന, മാറുന്ന ഈ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ മുതലെടുക്കാനുള്ള പാകിസ്ഥാന്റെ ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ, കിഴക്കോ പടിഞ്ഞാറോ, ഏത് അതിർത്തിയിൽ നിന്നും ഉയരുന്ന ഭീഷണിയെയും നേരിടാൻ ഭാരതം സുസജ്ജമാണ്. ബംഗ്ലാദേശ് അതിർത്തിയിൽ നുഴഞ്ഞുകയറ്റം തടയാൻ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്റെയും ഭീകരസംഘടനകളുടെയും ഓരോ നീക്കവും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഓപ്പറേഷൻ സിന്ദൂർ ഒരു തുടക്കം മാത്രമായിരുന്നുവെന്നും, ഭാരതത്തിന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഏത് ഭീഷണിയെയും തകർക്കാൻ ‘ഓപ്പറേഷൻ സിന്ദൂർ 2.0’ പോലുള്ള ശക്തമായ തിരിച്ചടികൾക്ക് രാജ്യം മടിക്കില്ലെന്നും പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
ഭീകരവാദത്തിന്റെ വിഷവിത്തുകൾ എവിടെ മുളപൊട്ടിയാലും, അത് വേരോടെ പിഴുതെറിയാൻ ഇന്ത്യൻ സൈന്യം സദാ സജ്ജമാണെന്ന സന്ദേശമാണ് ഈ ഓരോ നീക്കത്തിലൂടെയും ഇന്ത്യ ലോകത്തിന് നൽകുന്നത്.




