പാലക്കാട്: നെല്ലിയാമ്പതിയില്‍ തലയ്ക്കു പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു. സീതാര്‍കുണ്ടിലേക്കുള്ള പോബ്‌സണ്‍ റോഡരികില്‍ തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് പുലിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഇതുവഴിയുള്ള ജീപ്പ് ഡ്രൈവര്‍മാരാണ് അവശ നിലയില്‍ പുലിയെ കണ്ടത്. ഇവര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയും കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു.
റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ തേക്കടി സ്റ്റേഷന്‍ സ്റ്റാഫും കൊല്ലങ്കോട് ആര്‍ആര്‍ടി സംഘവും ചേര്‍ന്ന് പുലിയെ കൂട്ടിലാക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കായി മാറ്റി. പുലിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. വെറ്ററിനറി ഡോക്ടറെ എത്തിച്ചു ചികിത്സ നല്‍കുന്നതിനിടെ രാത്രി പന്ത്രണ്ടരയ്ക്കാണ് പുലി ചത്തത്.




