കോട്ടയം: ഫൊക്കാനയും മൈൽസ്റ്റോൺ സ്വിമ്മിംഗ് ആൻഡ് പ്രമോട്ടിംഗ് ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘സ്വിം കേരള’ ജീവൻരക്ഷാ നീന്തൽ പരിശീലനത്തിന് പാലാ സെന്റ് തോമസ് കോളേജ് നീന്തൽകുളത്തിൽ സമാപനമായി. മുങ്ങിമരണങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിശീലനം പൂർത്തിയാക്കിയവർ വിശിഷ്ടാതിഥികൾക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ നീന്തൽ പ്രകടനവും ശ്രദ്ധേയമായി. സമാപന സമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം മുഖ്യാതിഥിയായിരുന്നു.
രാജ്യാന്തര സാഹസിക നീന്തൽ താരവും മുഖ്യ പരിശീലകനുമായ എസ്.പി. മുരളീധരനെ ചടങ്ങിൽ എം.എൽ.എ പൊന്നാട നൽകി ആദരിച്ചു. മൈൽസ്റ്റോൺ സൊസൈറ്റിയുടെ ഉപഹാരം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിക്ക് കൈമാറി. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. നഗരസഭാ കൗൺസിലർ പ്രിൻസി സണ്ണി, സിജിത അനിൽ, സുനിൽ പാറയ്ക്കൽ, വി.എസ്. ദിലീപ് കുമാർ മാമ്പുഴക്കരി, ബാബു ജോസ്, ജോസി കാരക്കാട്ട്, ടോമി കൊക്കാട്ട്, ലീല മാരറ്റ്, രാജു പള്ളത്ത്, ഡോ. ആർ. പൊന്നപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണവും കുട്ടികളുടെ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.






