കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒരു ഫാമിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് നിർമ്മാണ കേന്ദ്രത്തിൽ സുരക്ഷാസേന മിന്നൽ റെയ്ഡ് നടത്തി. ക്യാപ്റ്റഗൺ ഗുളികകൾ നിർമ്മിച്ചിരുന്ന കേന്ദ്രത്തിലാണ് പരിശോധന നടന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളാണ് നടപടി സ്വീകരിച്ചത്.
നിരീക്ഷണത്തിലൂടെയും രഹസ്യാന്വേഷണത്തിലൂടെയും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഫാമിൽ റെയ്ഡ് നടത്തിയത്. അറസ്റ്റ് ഒഴിവാക്കാൻ പ്രതികൾ ശക്തമായി പ്രതിരോധിച്ചെങ്കിലും സുരക്ഷാസേനയുടെ ഇടപെടലിൽ രക്ഷപ്പെടാനായില്ല. രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചിരുന്ന രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
പരിശോധനയിൽ ക്യാപ്റ്റഗൺ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന അഞ്ച് കിലോഗ്രാം അസംസ്കൃത പൊടി, ഗുളിക നിർമാണ യന്ത്രം, ഡിജിറ്റൽ ത്രാസുകൾ, പാക്കിങ് ഉപകരണങ്ങൾ, വിതരണ സാമഗ്രികൾ, ഒഴിഞ്ഞ ബാഗുകൾ എന്നിവ കണ്ടെത്തി.
തുടർ അന്വേഷണത്തിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയ വലിയ തോതിലുള്ള ക്യാപ്റ്റഗൺ ഗുളികകൾ ഭൂമിക്കടിയിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അവയും സുരക്ഷാസേന കണ്ടെത്തി.
ആകെ ഏകദേശം ഒരു ലക്ഷം ക്യാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. ഇവയുടെ വിപണി വില അഞ്ച് ലക്ഷം കുവൈത്തി ദിനാറിലധികം വരുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും ഉപകരണങ്ങളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.






