കോട്ടയം: ശ്രീലങ്കൻ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച ധീരസൈനികൻ മേജർ രാമസ്വാമി പരമേശ്വരൻ ഉൾപ്പെടെ 1200 സൈനികരെ രാജ്യം ആദരിച്ചു. 1987 നവംബർ 25-ന് ശ്രീലങ്കയിൽ എൽ.ടി.ടി.ഇ. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് മേജർ പരമേശ്വരൻ രാജ്യത്തിനായി ജീവൻ വെടിഞ്ഞത്. ശ്രീലങ്കയിൽ വീരമൃത്യു വരിച്ച സൈനികർക്ക് പൊതുചടങ്ങിൽ വെച്ച് ആദ്യമായാണ് സൈന്യം ആദരമർപ്പിച്ചത്.
തെക്കേ ഇന്ത്യയിൽ നിന്ന് ‘പരം വീർ ചക്ര’ നേടിയ ഏക സൈനികനാണ് മേജർ രാമസ്വാമി പരമേശ്വരൻ. രാജ്യം സൈനികർക്ക് നൽകുന്ന ഏറ്റവും ഉന്നത ബഹുമതിയായ ‘പരം വീർ ചക്ര’ മേജർ പരമേശ്വരൻ അടക്കം 14 പേർക്ക് മരണാനന്തരമാണ് നൽകിയത്.
രാമപുരം കിളിമംഗലം കുടുംബാംഗമായ ശങ്കരനാരായണ രാമസ്വാമിയുടെയും ജാനകിയുടെയും മകനാണ് രാമസ്വാമി പരമേശ്വരൻ. മുംബൈയിൽ നിന്ന് ബിരുദം നേടിയ ശേഷം മിലിറ്ററി ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1972-ൽ മഹാർ ബറ്റാലിയനിലാണ് സൈനിക സേവനം ആരംഭിച്ചത്.
ഈ ധീരസൈനികന്റെ ത്യാഗോജ്വലമായ കഥ യുവതലമുറയെ ഓർമ്മിപ്പിക്കാനും ആദരവോടെ സ്മരിക്കാനുമായി രാമപുരത്ത് സ്മാരകം നിർമിച്ചു. വിമുക്ത ഭടന്മാരുടെ കൂട്ടായ്മയായ രാമപുരം എക്‌സ് സർവീസ് മെൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രാമപുരം പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് മേജർ രാമസ്വാമി പരമേശ്വരന്റെ അർധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.






