തൃശ്ശൂർ: ആറ്റപ്പാടം പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ-ആറാട്ട് ഉത്സവത്തിന് തന്ത്രി ഡോ.എൻ.പി.ഷാജു, മേൽശാന്തി വി.കെ.സുധീർ എന്നിവരുടെ കാർമികത്വത്തിൽ കൊടികയറി. പ്രസിഡൻ്റ് കെ.കെ.വേലായുധൻ, സെക്രട്ടറി വി.ആർ.ബിജു, ട്രഷറർ കെ.ആർ.രമേശൻ, ആഘോഷ കമ്മിറ്റി ചെയർമാൻ കെ.കെ.ചന്ദ്രൻ, വി.കെ.മധുസൂദനൻ, കെ.ടി.സജീവ്, കെ.ഐ. മോഹനൻ എന്നിവർ നേതൃത്വം നൽകി.
വെളുത്തുപ്പറമ്പിൽ ക്ഷേത്രത്തിൽ നിന്നു കൊടിയും കൊടിക്കൂറയും എഴുന്നള്ളിപ്പ് നടത്തി. ആറ്റപ്പാടം, കട്ടപ്പുറം, കൂട്ടാലപ്പുറം, അന്നനാട് ഭാഗങ്ങളിൽ നിന്നുള്ള തണ്ടികവരവ്, വാസ്‌തുരക്ഷോഘ്‌നഹോമം, വാസ്‌തുബലി, ചെറ്റാരിക്കൽ ഗൗരീശങ്കരം പിന്നൽ തിരുവാതിര സംഘം അവതരിപ്പിച്ച പിന്നൽതിരുവാതിര, സൗപർണിക നൃത്തസംഗീത വിദ്യാലയം അവതരിപ്പിച്ച നൃത്തസന്ധ്യ എന്നിവ നടത്തി.
ഇന്ന് (16) രാവിലെ 8.30നു ബാലഭദ്ര മാതൃസംഘത്തിൻ്റെ നേതൃത്വത്തിൽ ദേവീമാഹാത്മ്യ പാരായണം, 7ന് പൊങ്കാല, 8ന് വിവിധ സംഘങ്ങളുടെ തിരുവാതിരക്കളി. നാളെ 10നു മുത്തപ്പനു മഹാനിവേദ്യം, 6.30നു ദീപക്കാഴ്ച, 7.30നു ശ്രീഭദ്ര സ്‌കൂൾ ഓഫ് ഡാൻസിൽ പരിശീലനം പൂർത്തിയാക്കിയ കലാകാരി ആരാധ്യ രാജേഷിൻ്റെ അരങ്ങേറ്റം, തുടർന്നു കലാസന്ധ്യ.
18ന് രാവിലെ 8നു ദേശത്തെ പറയ്ക്കെഴുന്നള്ളിപ്പ്, 9 മുതൽ ബാലഭദ്ര നാരായണ പാരായണ സമിതിയുടെ സമ്പൂർണ നാരായണീയ പാരായണം. കോനൂർ മഹാദേവ ക്ഷേത്രം, കട്ടപ്പുറം മുക്കിൽ ഭഗവതി ക്ഷേത്രം, എറത്താമ്പറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള താലംവരവ് രാത്രി 9ന് ക്ഷേത്രത്തിലെത്തും. തുടർന്ന് അമൃതഭോജനം. 19ന് വൈകിട്ട് 7നു നാഗങ്ങൾക്കു തളിച്ചുകൊട, വിശേഷാൽപൂജ, പുള്ളുവൻപാട്ട്, 8നു പള്ളിവേട്ട.
ഉത്സവദിനമായ 20ന് 8നു നവകലശാഭിഷേകം, 8.15നു തോറ്റംപാട്ട്, 8.30നു കാഴ്‌ചശീവേലി, ചാലക്കുടി കേശവൻ നയിക്കുന്ന പഞ്ചാരിമേളം, 12 മുതൽ അമൃതഭോജനം, 4.30നു പകൽപൂരം, ചാലക്കുടി വേണു നമ്പിടിയുടെ പ്രമാണത്തിൽ പാണ്ടിമേളം, രാത്രി 8നു സംവേദ വേണു നമ്പിടിയുടെ തായമ്പക, 9ന് സൗപർണിക നൃത്തസംഗീത വിദ്യാലയം ഒരുക്കുന്ന സംഗീതസുധ, 11.30ന് ആറാട്ടുബലി, 12.30ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, തുടർന്ന് ആറാട്ടുകഞ്ഞി, 2നു പഞ്ചവിംശതി കലശാഭിഷേകം, 2.30നു പന്തിരുനാഴി, വലിയ ഗുരുതി. എഴുന്നള്ളിപ്പിൽ തോട്ടേക്കാട് വിനായകൻ ഭഗവതിയുടെ തിടമ്പേറ്റും.




