തായ്വാൻ: തായ്വാനിൽ നടന്ന രാജ്യാന്തര ഓപ്പൺ റോളർ സ്കേറ്റിങ് മത്സരത്തിൽ കേരളത്തിൽ നിന്നുള്ള സഹോദരിമാർക്ക് സ്വർണ നേട്ടം. പത്തനംതിട്ട കുഴിക്കാല കല്ലട ഭവനിൽ തോമസ് പോളിന്റെയും എലിസബത്തിന്റെയും മക്കളായ ജുവിന ലിസ് തോമസും ജുലൈന ലിസ് തോമസുമാണ് മെഡലുകൾ സ്വന്തമാക്കിയത്. ജുവിന ലിസ് തോമസ് പെയർ സ്കേറ്റിങ്ങിൽ സ്വർണം നേടി. സഹോദരി ജുലൈന ലിസ് തോമസ് പെയർ, കപ്പിൾ വിഭാഗങ്ങളിൽ സ്വർണവും സോളോ ഡാൻസിൽ വെങ്കലവും കരസ്ഥമാക്കി.
തായ്വാനിൽ മത്സരിച്ച ഇന്ത്യൻ ടീമിൽ ഒൻപത് മലയാളികൾ പങ്കെടുത്തിരുന്നു. ഇവർക്കെല്ലാം മെഡൽ ലഭിച്ചതായി റിപ്പോർട്ടുണ്ട്. താരങ്ങൾ ഇപ്പോൾ മലേഷ്യയിൽ ഒരാഴ്ചത്തെ പരിശീലനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും. ജുവിന പത്തനംതിട്ട വാഴമുട്ടം നേഷൻ യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ജുലൈന ലേ മൗണ്ട് ഗ്രീൻ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഇവരുടെ സഹോദരി ജുനിയ ലിസ് തോമസ് ദേശീയ തലത്തിൽ സ്കേറ്റിങ്ങിൽ മെഡൽ നേടിയ താരമാണ്. പത്താം ക്ലാസ് പരീക്ഷ കാരണം ഈ മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. 2019ലെ ആർട്ടിസ്റ്റിക് സ്കേറ്റിങ് ലോക ചാമ്പ്യനായ അഭിജിത്ത് അമൽ രാജും ഏഷ്യൻ ചാമ്പ്യനായ എൻ.എൽ. വക്കാസിയുമാണ് ഇവരുടെ പരിശീലകർ.




