ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ വധഭീഷണി മുഴക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഗാസിയാബാദിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗാസിയാബാദിലെ പോലീസ് കൺട്രോൾ റൂമിലേക്ക് ഇയാൾ വിളിച്ച് മുഖ്യമന്ത്രിക്ക് നേരെ വധ ഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെ തന്നെ ഗാസിയാബാദ് പോലീസ് ഡൽഹി പോലീസിനെ അറിയിച്ചിരുന്നു, ഭീഷണിയെത്തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷയും കർശനമാക്കിയിരുന്നു.
തുടർന്ന് സംയുക്തമായ അന്വേഷണത്തിനിടെയാണ് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു എന്നാൽ ചോദ്യം ചെയ്യലിനിടെ ഇയാൾ മദ്യലഹരിയിലാണ് വധഭീഷണി മുഴക്കിയതെന്നും ഡൽഹി പോലീസ് പറഞ്ഞു. അതേസമയം ഡൽഹിയിലെ രണ്ട് സർക്കാർ കെട്ടിടങ്ങൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിലുകൾ ലഭിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിക്ക് വധഭീഷണി വന്നത്. ഉദ്യോഗ് ഭവനും നിർമ്മൻ ഭവനും തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിലുകൾ മെയ് 30 ന് രാവിലെ 6:49 ന് മുതിർന്ന ഉദ്യോഗസ്ഥർക്ക് അയച്ചു.






