ഹൈദരാബാദ്: ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം ആവശ്യപ്പെട്ടതിനെച്ചൊല്ലി സംഘർഷം. തെലങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ ശ്രീരാംപൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള ശിവാജി ബിരിയാണി സെന്ററിലാണ് സംഭവം.
പൊന്നല പ്രശാന്ത്, പൊന്നല കിഷോർ എന്നിവരുൾപ്പെട്ട സംഘവും മനുബോതുല പ്രശാന്തും തമ്മിലാണ് സംഘർഷമുണ്ടായത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ മനുബോതുല പ്രശാന്തിനോട് പൊന്നല പ്രശാന്തും പൊന്നല കിഷോറും തൈര് ആവശ്യപ്പെട്ടു.
താൻ ഹോട്ടൽ ജീവനക്കാരനല്ലെന്ന് മനുബോതുല പ്രശാന്ത് പറഞ്ഞതോടെ പൊന്നല പ്രശാന്ത് ഇയാളെ ആക്രമിച്ചതായാണ് പരാതി. പിന്നാലെ പൊന്നല കിഷോറും ആക്രമണത്തിൽ പങ്കുചേർന്നു. മർദനത്തിൽ മനുബോതുല പ്രശാന്തിന് പരിക്കേറ്റു.
സംഭവത്തിൽ മനുബോതുല പ്രശാന്തിന്റെ പരാതിയിൽ പൊന്നല പ്രശാന്തിനും പൊന്നല കിഷോറിനുമെതിരെ പൊലീസ് കേസെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.


