ഇന്ന് എല്ലാം ഡെലിവറി ആപ്പുകളിലൂടെ പാഴ്സൽ വാങ്ങുന്ന രീതിയാണല്ലോ. ബിരിയാണിയും പൊറോട്ടയും ബീഫും ചിക്കനും പൊതിച്ചോറു വരെ പാർസൽ വാങ്ങുന്ന ശീലം മലയാളികൾക്കിടയിൽ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. ചൂടോടെ ഭക്ഷണം കഴിക്കുന്നതിന് മുൻപ് അവ പാർസൽ ചെയ്തുവരുന്ന പ്ലാസ്റ്റിക്കിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
ചൂടുള്ള ഭക്ഷണം നോൺ-ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുമായി സമ്പർക്കത്തിൽ വരുമ്പോൾ ഹാനികരമായ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. ഇത് ദീർഘകാല അടിസ്ഥനത്തിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷണവുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതിനായി നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച പാക്കേജിങ് വസ്തുക്കളെയാണ് ഫുഡ് ഗ്രേഡ് പാക്കേജിങ് എന്ന് പറയുന്നത്. ഇന്ത്യയിൽ ഇതിന് കൃത്യമായ നിയമമുണ്ട്.
ചൂടുള്ള സാമ്പാർ, കറി, ഗ്രേവി തുടങ്ങിയവ വളരെ നേർത്തതോ ഫുഡ് ഗ്രേഡ് അല്ലാത്തതോ ആയ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി നൽകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചൂടുള്ള ദ്രാവകഭക്ഷണം പാക്കറ്റിനുള്ളിൽ ദീർഘനേരം കിടക്കുന്നത് കൂടുതൽ അപകടമാണ്.ബിരിയാണി, ഫ്രൈഡ് റൈസ്, ഫ്രൈഡ് ചിക്കൻ, പൊരിച്ച വിഭവങ്ങൾ, എണ്ണയുള്ള കറികൾ എന്നിവ ചൂടോടെ അനുയോജ്യമല്ലാത്ത പ്ലാസ്റ്റിക്കിൽ പൊതിയുന്നതും നല്ലതല്ല. ഭക്ഷണം തുറക്കുമ്പോൾ അസാധാരണമായ പ്ലാസ്റ്റിക് മണമോ രാസഗന്ധമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുന്നതാണ് നല്ലത്. കണ്ടെയ്നർ ഉരുകിയിട്ടുണ്ടെങ്കിലും അതിനുള്ളിലുള്ളത് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ഭക്ഷണം വീട്ടിലെത്തിയ ഉടൻ ഗ്ലാസ്, സ്റ്റീൽ അല്ലെങ്കിൽ സെറാമിക് പാത്രത്തിലേക്ക് മാറ്റുക എന്നതാണ് നല്ലൊരു പരിഹാര മാർഗം. പ്ലാസ്റ്റിക് കവറിലോ കണ്ടെയ്നറിലോ തന്നെ ഭക്ഷണം വീണ്ടും ചൂടാക്കരുത്, അത് ഹീറ്റ്-സേഫ് അല്ലെങ്കിൽ മൈക്രോവേവ്-സേഫ് എന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടില്ലെങ്കിൽ.




