പത്തനംതിട്ട: പമ്പയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയുണ്ടായെന്ന പരാതിയുമായി ശബരിമല തീർത്ഥാടക. കാലിലെ മുറിവ് ഡ്രസ് ചെയ്തപ്പോൾ ബാൻഡേജിനുള്ളിൽ സർജിക്കൽ ബ്ലേഡ് വെച്ചാണ് കെട്ടിയതെന്ന് നെടുമ്പാശ്ശേരി സ്വദേശിനിയായ പ്രീതയുടെ ആരോപണം. പന്തളത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയോടൊപ്പം പദയാത്രയായാണ് പ്രീത പമ്പയിലെത്തിയത്. യാത്രയ്ക്കിടെ കാലിൽ മുറിവേറ്റതിനെ തുടർന്ന് പമ്പാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മുറിവ് ഡ്രസ് ചെയ്ത ശേഷം തിരിച്ച് പോകുമ്പോഴും വീണ്ടും ഡ്രസിംഗിനായി ആശുപത്രിയിലെത്തി.
ചികിത്സയ്ക്കിടെ ഡോക്ടർ ഏൽപ്പിച്ച നഴ്സിംഗ് അസിസ്റ്റന്റിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന്, നഴ്സാണോയെന്ന് ചോദിച്ചതായും നഴ്സിംഗ് അസിസ്റ്റന്റാണെന്നായിരുന്നു മറുപടിയെന്നും പ്രീത പറഞ്ഞു. മുറിവിലെ തൊലി മുറിക്കാൻ ശ്രമിച്ചപ്പോൾ ആവശ്യമില്ലെന്ന് അറിയിക്കുകയും ബാൻഡേജ് മതിയെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.എന്നാൽ വീട്ടിലെത്തി ബാൻഡേജ് മാറ്റിയപ്പോഴാണ് ബാൻഡേജിനുള്ളിൽ സർജിക്കൽ ബ്ലേഡ് കണ്ടെത്തിയത്
ഇതോടെ ഗുരുതരമായ ചികിത്സാ അനാസ്ഥയാണ് സംഭവിച്ചതെന്ന് പ്രീത ആരോപിച്ചു.
സംഭവത്തിൽ പമ്പാ ആശുപത്രി അധികൃതർക്കെതിരെ പ്രീത പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡിഎംഒ) ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.






