ഛണ്ഡീഗഢ്: പഞ്ചാബിൽ മെഡിക്കൽ വിദ്യാർഥിയെ താമസസ്ഥലത്ത് കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മാന്‍സ ജില്ലയിലെ ബരേത സ്വദേശിയും പട്യാല ഗവൺമെന്റ് മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർഥിയുമായ കമൽ മിത്തലാണ് കൊല്ലപ്പെട്ടത്. പട്യാലയിലെ ന്യൂ ലാൽ ബാഗ് മേഖലയിലായിരുന്നു താമസം. സംഭവത്തിൽ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ വൈകുന്നേരത്തോടെ താമസസ്ഥലത്തെത്തി അന്വേഷിക്കുമ്പോഴാണ് കമലിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മൂന്നോ നാലോ തവണ കുത്തേറ്റതായും സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിന് പിന്നാലെ വസ്ത്രത്തിൽ രക്തക്കറകളുമായി ഒരാൾ പ്രദേശത്തുനിന്ന് ഓടിപ്പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസും ഫോറൻസിക് സംഘവും ഡി.എസ്.പി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. നാല് വിദ്യാർഥികളാണ് വീട്ടിൽ താമസിച്ചിരുന്നതെന്നും ഇവരെ ചോദ്യം ചെയ്യലിനായി പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വിവരമറിഞ്ഞെത്തിയ വിദ്യാർഥിയുടെ കുടുംബം തിങ്കളാഴ്ച വൈകുന്നേരത്തോടെ പട്യാലയിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.






