ബംഗളൂരു: ബംഗളൂരുവിൽ 21 വയസ്സുകാരനായ വിദ്യാർത്ഥിയെ നടുറോഡിൽ കുത്തിപ്പരിക്കേൽപ്പിച്ച് ബൈക്ക് കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് പേരെ രാമമൂർത്തി നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് മിനിറ്റുകൾക്ക് മുൻപ് ബാനസവാടിയിലും സംഘം മറ്റൊരു കവർച്ച നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഡി.ജെ ഹള്ളി സ്വദേശികളായ മിഥുൻ, സഹാസ്, സ്റ്റീഫൻ രാജ് എന്നിവരും കൂടെയുണ്ടായിരുന്ന രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളുമാണ് അറസ്റ്റിലായത്.
രാമമൂർത്തി നഗറിലെ ബഞ്ചാര ലേഔട്ടിൽ താമസിക്കുന്ന ധീരജ് എന്ന വിദ്യാർത്ഥിയെയാണ് സംഘം ആക്രമിച്ചത്. ധീരജിന്റെ മുതുകിലും തുടയിലും കത്തി കൊണ്ട് ആഴത്തിലുള്ള മുറിവുകളേറ്റിട്ടുണ്ട്. ധീരജിനെ കുറച്ചുദൂരം പിന്തുടർന്ന പ്രതികൾ, അദ്ദേഹം തങ്ങളുടെ ബൈക്കിനെ മറികടന്നു എന്ന് ആരോപിച്ച് തർക്കം ആരംഭിച്ചതായും പൊലീസ് പറയുന്നു. വാക്കുതർക്കത്തിനിടയിൽ ഒരാൾ കത്തികൊണ്ട് കുത്തുകയും മറ്റുള്ളവർ ബൈക്ക് തട്ടിയെടുത്ത് രക്ഷപ്പെടുകയും ചെയ്തു.
പരിക്കേറ്റ ധീരജിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി. ചോദ്യം ചെയ്യലിൽ, ആക്രമണത്തിന് മുമ്പ് ബാനസവാടിയിൽ ഐ.ടി ജീവനക്കാരനായ ബർക്കത്തിൽ നിന്ന് ഭീഷണിപ്പെടുത്തി 600 രൂപ കവർന്നതായും സംഘം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.






