എറണാകുളം: കരിമുകളിൽ നിന്ന് കാണാതായ 13 വയസ്സുകാരിയെ കണ്ടെത്തി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പൊലീസ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ചൈൽഡ് ലൈന് കൈമാറിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ആവശ്യമായ കൗൺസിലിങ് നൽകുന്നതിനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏകദേശം 10.30ഓടെയാണ് കരിമുകൾ സ്വദേശിയായ വിദ്യാർത്ഥിനിയെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് രാത്രി 12.10ഓടെ കരിമുകൾ–ബ്രഹ്മപുരം റോഡിലേക്ക് കുട്ടി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അതിനുശേഷം കുട്ടി വാഹനത്തിൽ കയറിയിരിക്കാമെന്ന സംശയത്തിൽ വ്യാപക അന്വേഷണം നടത്തിയിരുന്നു.
രണ്ട് ബാഗുകളുമായി മുഖത്ത് മാസ്‌ക് ധരിച്ച നിലയിലാണ് കുട്ടി സിസിടിവിയിൽ കാണപ്പെട്ടത്. അമ്പലമേട് പൊലീസ്, നാട്ടുകാർ, ബന്ധുക്കൾ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയായിരുന്നു. സിസിടിവിയിൽ കണ്ട സ്ഥലത്ത് പൊലീസ് നായയുമായി പരിശോധന നടത്തിയെങ്കിലും ഏകദേശം 200 മീറ്റർ കഴിഞ്ഞപ്പോൾ അന്വേഷണം തടസ്സപ്പെട്ടു.
ജില്ലയ്ക്കകത്തും പുറത്തുമായി വ്യാപകമായി അന്വേഷണം നടത്തിയതിനൊടുവിലാണ് കുട്ടിയെ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.




